കുടക്കച്ചിറ മാർ അന്തോനി കത്തനാരുടെ 163ആം ഓർമ്മപ്പെരുന്നാൾ

പാലാ : മാർത്തോമ്മാ നസ്രാണികളുടെ പുനഃരൈക്യത്തിനായി പരിശ്രമിച്ച സന്യാസ ശ്രേഷ്ഠൻ സഹദാ കുടക്കച്ചിറ മാർ അന്തോനി കത്തനാരുടെ തിരുനാൾ ജൂലൈ 22 ബുധനാഴ്ച ആഘോഷിക്കുന്നു.

അന്തോണി കത്തനാർ സ്ഥാപിച്ച പാലാ പ്ലാശനാൽ മർത്ത് മറിയം പള്ളിയിൽ രാവിലെ 7 മണിക്ക് പാലാ രൂപതാ വികാരി ജനറാൾ റവ. ഫാ. ജോസഫ് മലേപ്പറമ്പിലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാനയും തുടർന്ന് അന്തോണി കത്തനാരുടെ ഛായാചിത്ര അനാച്ഛാദനവും ഉണ്ടായിരിക്കുന്നതാണ്.

പാലായുടെ അഭിമാന ഭാജനവും, 19 ആം നൂറ്റാണ്ടിലെ ഉജ്ജ്വല സഭാസ്നേഹിയും, സഭാ സ്വാതന്ത്ര പോരാട്ടത്തിലെ മുന്നണി പോരാളിയുമായിരുന്നു കുടക്കച്ചിറ മാർ അന്തോനി കത്തനാർ.

പാലായിൽ വസൂരി പടർന്നു പിടിച്ച അവസരത്തിൽ സധൈര്യം രോഗബാധിതരെ ശുശ്രൂഷിക്കുകയും, മരിച്ചവരെ അടക്കുകയും ചെയ്തതിലൂടെ അദ്ദേഹം കൂടുതൽ പ്രസിദ്ധനായിതീർന്നിരുന്നു.

ഈജിപ്തിലെ മഹാനായ സന്യാസ ശ്രേഷ്ഠൻ മാർ അന്തോനി ബാവായുടെ സന്യാസാശ്രമ മാതൃകയിൽ അദ്ദേഹം പ്ലാശനാലിൽ ഒരു ദയറ സ്ഥാപിച്ചു. സ്വജാതി മെത്രാനെ കിട്ടുവാനായി അദ്ദേഹം ബാഗ്ദാദിലേക്ക് പോയി.

അദ്ദേഹത്തിൻ്റെ അന്ത്യം ബാഗ്ദാദിൽ വച്ചായിരുന്നു. കുടക്കച്ചിറ മാർ അന്തോനി കത്തനാർ മലങ്കരയുടെ വീരയോദ്ധാവും അവഗണിക്കപ്പെട്ടവരുടെയും രോഗബാധിതരുടേയും സംരക്ഷകനും കൂടി ആയിരുന്നു.

You May Also Like

Leave a Reply