Pala News

പുനലൂർ-പാലാ – മൂവാറ്റുപുഴ സംസ്ഥാന പാത വഴി കെ എസ് ആർ ടി സി ദീർഘ ദൂര സർവ്വീസുകൾ ആരംഭിക്കുന്നു ; തിരുവനന്തപുരം- കല്പറ്റ സർവ്വീസ് സെപ്റ്റം – 1 ന് തുടങ്ങും

പാലാ: ദീർഘദൂര സർവ്വീസുകൾക്ക് കെ.എസ്.ആർ.ടി.സി യുടെ സമാന്തര റൂട്ട്. വളരെ വാഹന തിരക്കേറിയതും യാത്രാ തടസ്സം ഉണ്ടാകുന്നതുമായ എം.സി റോഡ് വഴിയും ആലപ്പുഴ വഴിയുള്ള ദേശീയ പാത വഴിയും മാത്രം നടത്തിയിരുന്ന കെ.എസ്.ആർ.ടി സി യുടെ ദ്വീർഘദൂര സർവ്വീസുകൾക്ക് പുതിയ റൂട്ട്.


ഇനി മുതൽ പുതിയതായി ആരംഭിക്കുന്ന സർവ്വീസുകൾക്കായി പുനലൂർ-പാലാ -മൂവാറ്റുപുഴ സംസ്ഥാന പാതയെ തെരഞ്ഞെടുത്തു സർവ്വീസുകൾ ആരംഭിക്കുന്നു. എം.സി റോഡുവഴിയുള്ള യാത്രക്ക് വലിയ സമയനഷ്ടം ഉണ്ടാകുന്നതിനാലും വർദ്ധിച്ച അപകട സാദ്ധ്യതകളുമാണ് പുതിയ യാത്രാ പാത കണ്ടെത്തുന്നതിന് തയ്യാറായത്.

സംസ്ഥാന പാതയായ പുനലൂർ-പാലാ -മൂവാറ്റുപുഴ റോഡ് നവീകരണം അവസാന ഘട്ടത്തിലാണ്.പത്തനാപുരം – പുനലൂർ ഭാഗം മാത്രമെ ഇനി റോഡ് പണി പൂർത്തീകരിക്കുവാനുള്ളൂ. വാഹന തിരക്ക് കുറഞ്ഞ റൂട്ടുമാണിത്.

പുനലൂർ-പത്തനാപുരം – പത്തനംതിട്ട – റാന്നി – എരുമേലി- കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട -പാലാ -തൊടുപുഴ എന്നീ മലയോര മേഖലയിലെ ദീർ ഘ ദൂരയാത്രക്കാർക്ക് വളരെ സഹായകരമാകുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു.

ഈ മേഖലയിലെ ദീർഘദൂര യാത്രക്കാരെ ആകർഷിക്കുക കൂടിയാണ് ലക്ഷ്യം. ഇതോടെ പാലാ സ്റ്റേഷൻ പ്രധാന ദ്വീർഘദൂരയാത്രാ കേന്ദ്രമായി മാറുകയാണ് .ഈ റൂട്ട് വഴി കഴിഞ്ഞ ആഴ്ച ആരംഭിച്ച തിരുവനന്തപുരം – ഗുരുവായൂർ സർവ്വീസ് വിജയമായതോടെയാണ് ഇതുവഴി കൂടുതൽ സർവ്വീസിന് നടപടി ആയത്.

പുതിയ സർവ്വീസ് സെപ്തംബർ ഒന്നു മുതൽ തിരുവനന്തപുരം – കല്പറ്റ റൂട്ടിൽ ഇതുവഴി ആരംഭിക്കും. റിസർവേഷൻ സൗകര്യത്തോടെയാണ് പുതിയ സർവ്വീസുകൾ എല്ലാം. തിരുവനന്തപുരത്തു നിന്നും വെളുപ്പിന് 4 മണിക്ക് ആരംഭിക്കുന്ന സർവ്വീസ് 9.30 ന് പാലായിൽ എത്തും. തൃശൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, മുക്കം, താമരശ്ശേരി, അടി വാരം വഴി കല്പറ്റയിൽ വൈകിട്ട് 6 മണിക്ക് എത്തും. തിരികെ വെളുപ്പിന് 5.45ന് കല്പറ്റയിൽ നിന്നും പുറപ്പെട്ട് 2.15 ന് പാലായിലും 7.30 ന് തിരുവനന്തപുരത്തും എത്തും.

പാലായിൽ നിന്നും നേരിട്ട് സർവ്വീസ് കുറവായ ഷൊർണ്ണൂർ, പട്ടാമ്പി, മുക്കം, അടിവാരം മേഖലയിലേക്ക് യാത്രാ സൗകര്യം ഇതോടെ ലഭ്യമാകും. നവീകരിക്കപ്പെട്ട പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത പരമാവധി പ്രയോജനപ്പെടുത്തി പുതിയ കൂടുതൽ ദീർഘദൂര സർവ്വീസുകൾക്ക് കെ.എസ്.ആർ.ടി.സി നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.