പാലാ: കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ മിനിസ്റ്റീര്യൽ വിഭാഗം ജീവനക്കാരെ പാടെ മാററി പുതിയ സംവിധാനം നിലവിൽ വന്നു. ഇനി ഭരണനിർവ്വഹണ വിഭാഗവും അക്കൗണ്ട്സ് വിഭാഗവും ഒരു ജില്ലയിൽ ഒരിടത്തു മാത്രമായിരിക്കും.
14 ജില്ലകളിലായി 15 കേന്ദ്രങ്ങളിലായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. വിവിധ ഡിപ്പോകളിലായി ഉണ്ടായിരുന്ന മിനിസ്റ്റീര്യൽ വിഭാഗം ജീവനക്കാർ പാടേ ഇനി ഈ കേ ന്ദ്രങ്ങളിലാവും തുടർന്ന് ജോലി ചെയ്യേണ്ടി വരിക.
കോട്ടയം ജില്ലയിലെ എല്ലാ ഡിപ്പോകളുടേയും ഭരണനിർവ്വഹണ അക്കൗണ്ട്സ് വിഭാഗം ചങ്ങാനാശേരിയിലായിരിക്കും. ഡിപ്പോകളിലും സബ് ഡിപ്പോകളിലും ട്രാൻസ്പോർട്ട് ഓഫീസർമാരെ സഹായിക്കുന്നതിന് ഒന്നോ രണ്ടോ ക്ലാർക്കുമാർ മാത്രമായിരിക്കും ഇനി ഉണ്ടാവുക.ഇതോടെ ഡി.ടി.ഒ, എ.ടി.ഒ ഓഫീസുകൾ കാലിയായ സ്ഥിതിയിലാണ്.
ജീവനക്കാരുടെ സേവന റിക്കാർഡുകളും,പൊതുജന പരാതികളും, യാത്രക്കാരുടെ ആവശ്യങ്ങളും എല്ലാം ഈ ഓഫീസുകളിലാവും കൈകാര്യം ചെയ്യുക.
നാളിതുവരെ അതാത് ഡിപ്പോകളിലെ ജീവനക്കാർക്ക് അവരുടെ സർവ്വീസ് സംബന്ധമായ കാര്യങ്ങൾ വിശ്രമവേളകളിൽ തിരക്കുവാൻ കഴിയുമായിരുന്നു. ഇനി അവധി എടുത്ത് ചങ്ങനാശ്ശേരി വരെ പോയേ തീരൂ.
എല്ലാ ഡിപ്പോ, സബ് ഡിപ്പോകളിലേയും മിനിസ്ററീര്യൽ, അക്കൗണ്ട്സ് വിഭാഗം ജീവനക്കാർ ഒന്നിച്ച് ഒരു കേന്ദ്രത്തിൽ എത്തുമ്പോൾ അവിടുത്തെ വിവിധ തട്ടുകളിലുണ്ടാവേണ്ട നിയന്ത്രണ ജീവനക്കാരുടെ ഘടന എങ്ങനെ എന്നും തീരുമാനമായിട്ടില്ല.
സൗകര്യങ്ങൾ തീർത്തും അപര്യാപ്തമായ ചങ്ങനാശ്ശേരിയിൽ കോട്ടയം ജില്ലാ കേന്ദ്രം സ്ഥാപിക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
നേരത്തെ മിനിസ്ററീര്യൽ ജീവനക്കാർ ഭൂരിപക്ഷത്തിനും താമസ സ്ഥലത്തിനടുത്ത് ജോലി സൗകര്യം ലഭിച്ചിരുന്നു. ഇനി എല്ലാ ജീവനക്കാരും പ്രത്യേക സ്ഥലത്ത് ഹാജരായേ തീരൂ.
ജീവനക്കാർക്കും യാത്രക്കാർക്കും ഡിപ്പോ അധികൃതർക്കും ഒരു പോലെ അസൗകര്യം സൃഷ്ടിക്കുന്ന തീരുമാനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം പറഞ്ഞു.
ജില്ലാ വർക്സ് ഷോപ്പ് ഇപ്പോൾ പാലായിലാണ്.ഇവിടെ ആവശ്യമായ ഓഫീസ് സൗകര്യങ്ങളും ഉള്ളപ്പോൾ പരിമിത സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത വിദൂരത്തിലുള്ള ചങ്ങനാശ്ശേരിയിലേക്ക് ഭരണനിർവ്വഹണ കേന്ദ്രം മാറ്റുവാനുള്ള തീരുമാനത്തിൽ അദ്ദേഹം പ്രതിഷേധം അറിയിച്ചു.