General News

ഫണ്ട് വകമാറ്റി ലോക് നാഥ് ബെഹ്റ നടത്തിയ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം: കൃഷ്ണൻ എരഞ്ഞിക്കൽ

തിരുവനന്തപുരം: മുൻ ഡിജിപി ലോക് നാഥ് ബെഹ്റയുടെ മുഴുവൻ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. ബെഹ്‌റയെ മെട്രോ റെയിൽ എംഡി സ്ഥാനത്തു നിന്ന് പുറത്താക്കാൻ ഇടതു സർക്കാർ ആർജ്ജവം കാണിക്കണം.

പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കുന്നതിന് അനുവദിച്ച 4.33 കോടി രൂപ അനുമതിയില്ലാതെ വകമാറ്റി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ആഡംബര വില്ലകൾ നിർമിച്ച നടപടി ചട്ടവിരുദ്ധമാണ്. ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് അംഗീകാരം നൽകിയതിനു പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയുടെ നടപടി ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയാണ്.

ബെഹ്റ നടത്തിയ നിരവധി ക്രമക്കേടുകള്‍ സി ആന്റ് എജി കണ്ടെത്തിയിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമായിട്ടാണ്. സംസ്ഥാനത്തെ അഞ്ച് പോലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി വാഹനങ്ങള്‍ ഇല്ലെന്നിരിക്കെയാണ് ചട്ടം ലംഘിച്ച് ആഡംബര കാറുകള്‍ വാങ്ങിയത്. 

വിവാദ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൺസൽ മാവുങ്കലുമായി ബെഹ്‌റയുടെ ബന്ധത്തെക്കുറിച്ച് കൃത്യമായ അനേഷണം വേണം. കൂടാതെ, പോലീസും കെല്‍ട്രോണും പാനാസോണിക്കും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും സിഎജി കണ്ടെത്തിയിരുന്നു. ബെഹ്‌റയുടെ ഇടപാട് സംബന്ധിച്ച് അന്വേഷണം നടന്നാൽ പല വമ്പൻ സ്രാവുകളും പിടിയിലാവുമെന്നും കൃഷ്ണൻ എരഞ്ഞിക്കൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.