General News

കോട്ടയം നാട്ടകം ട്രാവൻകൂർ സിമന്റ്‌സിനു വേണ്ടി ചോര നീരാക്കിയ തൊഴിലാളികൾ പെൻഷനു ശേഷം ദുരിതത്തിൽ

കോട്ടയം: വർഷങ്ങളോളമായി ചോര നീരാക്കി ഒരു സ്ഥാപനത്തിനു വേണ്ടി പ്രവർത്തിച്ച തൊഴിലാളികളെ എങ്ങിനെ അവഗണിക്കാമെന്ന ഏറ്റവും വലിയ ഉദാഹരണമാണ് കോട്ടയം ട്രാവൻകൂർ സിമന്റ്‌സിൽ കാണുന്നത്. കഷ്ടപ്പെട്ട തൊഴിലാളികൾ പെൻഷനായ ശേഷം ഇവരെ തിരിഞ്ഞ് നോക്കാതെയിരിക്കുകയാണ് അധികൃതർ. മന്ത്രിയും സർക്കാരും അനുവദിച്ച തുക പോലും വകമാറ്റിയിരിക്കുകയാണ് ഇപ്പോൾ ട്രാവൻകൂർ സിമന്റ്‌സ് അധികൃതർ.

കോട്ടയം ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സ് കടകെണിയിൽ പുകയുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാകുന്നത്. 2017 മുതൽ വിരമിച്ചവരുടെ ഗ്രാറ്റുവിറ്റിയും ഇപിഎഫും വിതരണം ചെയ്യുന്നതിനായി കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ബഹു.വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പ്രത്യേക താല്പര്യമെടുത്ത് കിൻഫ്രയിൽ നിന്നും അഞ്ചു കോടി രൂപ കടമെടുത്ത് കമ്പനിയെ ഏൽപ്പിച്ചു. ആന്നിരുന്ന മാനേജിംങ് ഡയറക്ടർ ഉൾപ്പെടുന്ന മാനേജ്‌മെന്റ് 2017 മുതൽ 2019 വരെ വിരമിച്ച വളരെ കുറച്ച് ജീവനക്കാർക്ക് (അതിൽ കൂടുതലും അഡ്വാൻസ് കൈപ്പറ്റിയവരാണ്) ഒരു കോടി 27 ലക്ഷം രൂപ മാത്രം വിതരണവും ചെയ്തു.

ബാക്കി വരുന്ന തുകയിൽ മൂന്നു കോടി 16 ലക്ഷം രൂപ നിലവിലുള്ള ജീവനക്കാരുടെയും, വിരമിച്ച കുറച്ച് ജീവനക്കാരുടെയും പി.എഫ് അടയക്കുന്നതിനാണ് ഉപയോഗിച്ചത്. 2019 മുതൽ ഇതുവരെ വിരമിച്ച ജീവനക്കാരുടെ ആരുടെയും ഗ്രാന്റുവിറ്റി കൊടുക്കാതിരിക്കുകയായിരുന്നു ഈ സമയം എല്ലാം. ബാക്കി വന്ന 52 ലക്ഷം രൂപയാകട്ടെ ജി.എസ്.ടി കുടിശിക കൊടുക്കുന്നതിനാണ് മാനേജ്‌മെന്റ് ഉപയോഗിച്ചത്. ഗ്രാറ്റുവിറ്റി മുഴുവനായും കൊടുത്തു തീർക്കുമെന്നു വ്യവസായ വകുപ്പിനെ തെറ്റിധരിപ്പിക്കുകയാണ് അന്നത്തെ മാനേജ്‌മെന്റ് അക്ഷരാർത്ഥത്തിൽ ചെയ്തത്. അന്ന് അഞ്ചരക്കോടി രൂപയുണ്ടെങ്കിൽ അതു വരെ വിരമിച്ച എല്ലാ ജീവനക്കാരുടെയും ആനുകൂല്യങ്ങൾ പൂർണമായും കൊടുത്തു തീർക്കാൻ സാധിക്കുമായിരുന്നു.

ഇപ്പോഴാകട്ടെ വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യം വർദ്ധിച്ച് 105 ഓളം പേരായി മാറി. ഈയിടെ സർക്കാർ അനുവദിച്ച ആറു കോടി രൂപ മുഴുവനായും ജി.എസ്.ടി അടയ്ക്കാൻ വിനിയോഗിക്കുകയാണ് കമ്പനി മാനേജ്‌മെന്റ് ചെയ്തത്. ഇതിൽ നിന്നു പോലും വിരമിച്ച ജീവനക്കാർക്ക് ഒരു രൂപ മാറ്റി വയ്ക്കാൻ കമ്പനി മാനേജ്‌മെന്റ് തയ്യാറായില്ലെന്നത് ജീവനക്കാരെയും തൊഴിലാളികളെയും ഇവരുടെ കുടുംബാംഗങ്ങളെയും ഒരു പോലെ വേദനിപ്പിക്കുന്നതായി. ജീവനക്കാരിൽ നിന്നും പിടിച്ചുകൊണ്ടിരുന്ന ഇപിഎഫ് തുക കൃത്യമായി പ്രൊവിഡന്റ് ഫണ്ടിൽ അടയക്കാതെയും, ജി.എസ്.ടിയായി ഈടാക്കുന്ന തുക അടയ്ക്കാതെയും, പാട്ടക്കുടിശിക തുക അടയക്കാതെയും കമ്പനിയുടെ ഇന്നത്തെ ഈ അവസ്ഥയ്ക്കു കാരണം ഇവിടെയുള്ള കെടുകാര്യസ്ഥത മാത്രമുള്ള മാനേജ്‌മെന്റാണ്.

പല പ്രോജക്ടുകൾക്കും മറ്റുമായി മാറി മാറി വരുന്ന സർക്കാരുകൾ നൽകുന്ന ലക്ഷങ്ങൾ അഴിമതി നടത്തി വേണ്ടവിധം പ്രയോജനപ്പെടുത്താതെ ചിലവഴിക്കുകയാണ് ഈ മാനേജ്‌മെന്റ് ഇതുവരെ ചെയ്തിരുന്നത്. ഈ കെടുകാര്യസ്ഥതയാണ് ഇപ്പോൾ കമ്പനിയ്ക്കുണ്ടായതും, ഇപ്പോൾ കമ്പനി നേരിടുന്ന പ്രതിസന്ധിയുടെ കാരണമായിരിക്കുന്നതും. ഇത്തരം കെടുകാര്യസ്ഥതയുടെ ഭാഗമായി നിരവധി കേസുകളാണ് കമ്പനി ഇപ്പോൾ നേരിട്ടുകൊണ്ടിയിരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ ആനൂകൂല്യങ്ങളും മാനമായ വിശ്രമ ജീവിതവും പ്രതീക്ഷിച്ചിരിക്കുന്ന വിരമിച്ച തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇത് കൂടാതെയാണ് സമയാസമയങ്ങളിൽ ജീവനക്കാരിൽ നിന്നും പിരിച്ചെടുത്തതും, കമ്പനിയുടെ വിഹിതവുമായ ഇ.പി.എഫ് ഫണ്ട് അടയക്കാതെ വരികയും, ജി.എസ്.ടി ഇനത്തിൽ വൻതുക അടയ്ക്കാതിരുന്നതും ഇവയുടെ പിഴ സഹിതം വൻ തുക പിന്നീട് അടയ്‌ക്കേണ്ടി വരികയും ചെയ്തതും ഇത്തരത്തിലുള്ള മാനേജ്‌മെന്റിന്റെ പിടിപ്പുകേടിന്റെ ഫലമാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇപ്പോഴെല്ലാം മൂന്നു കോടി രൂപ കമ്പനിയുടെ എഫ്ഡി ഇനത്തിൽ ബാങ്കിലുണ്ട്. ഈ തുക എടുത്താകെ ഇപ്പോൾ ശമ്പളം മുടങ്ങും എന്ന ഘട്ടത്തിൽ അത് പിൻവലിച്ച് എടുത്ത് തുടങ്ങിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള തുഗ്ലക്ക് മോഡൽ ഭരണം നടത്തുന്ന മാനേജ്‌മെന്റാണ് കമ്പനിയെ പ്രതിസന്ധിയിലേയ്ക്കു തള്ളിവിടുന്നതെന്നാണ് ആരോപണം

Leave a Reply

Your email address will not be published.