കോട്ടയം റെയില്‍വെ സ്റ്റേഷന്റെ ഗുഡ്‌ഷെഡ് ഭാഗത്തുനിന്നുള്ള രണ്ടാം പ്രവേശന കവാടം 2021 ഡിസംബറിനു മുമ്പായി പൂര്‍ത്തീകരിക്കും: തോമസ് ചാഴികാടന്‍ എംപി

കോട്ടയം റെയില്‍വെ സ്റ്റേഷന്റെ ഗുഡ്‌ഷെഡ് ഭാഗത്തുനിന്നുള്ള രണ്ടാം പ്രവേശന കവാടവും ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള 17 കിലോമീറ്റര്‍ ദൂരംവരുന്ന പാത ഇരട്ടിപ്പിക്കല്‍ ജോലിയും 2021 ഡിസംബര്‍ 31 ന് മുമ്പായി പൂര്‍ത്തീകരിച്ച് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുമെന്ന് തോമസ് ചാഴികാടന്‍ എം പി അറിയിച്ചു.

ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികളും, വിവിധ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും പുരോഗമിച്ചുവരികയാണ്.

Advertisements

കോട്ടയം റെയില്‍വെ സ്റ്റേഷന്റെ രണ്ടാം കവാടം തുറക്കുന്നതോടുകൂടി നിലവിലുള്ള മൂന്ന് പ്ലാറ്റ്‌ഫോമുകളുടെ സ്ഥാനത്ത് എറണാകുളം ഭാഗത്തേക്കുള്ള പാസ്സഞ്ചര്‍ ട്രെയിനുകള്‍ക്കായുള്ള ഒരു പ്ലാറ്റ്‌ഫോം ഉള്‍പ്പടെ ആറ് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാകും.

രണ്ടാംപ്രവേശന കവാടത്തിന്റെ തുടക്കത്തില്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറും, അവിടെനിന്നും മറ്റു പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള മേല്‍പ്പാലവും ഉണ്ടാകും.

നിലവിലുള്ള ഗുഡ്‌ഷെഡ് അവിടെത്തന്നെ മറ്റൊരുഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതും യാത്രക്കാര്‍ക്ക് രണ്ടാം കവാടത്തിലും വാഹന പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തുന്നതുമാണ്.

ഇതിനാല്‍ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും വരുന്ന യാത്രക്കാര്‍ക്ക് നാഗമ്പടം ഗുഡ്‌ഷെഡ് റോഡില്‍ നിന്നുതന്നെ റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുവാനാകും. റെയില്‍വെ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നവീകരണ ജോലികളും ഇതോടൊപ്പം പൂര്‍ത്തിയാകും.

നിലവിലുള്ള കവാടത്തിന് സമീപമുള്ള മള്‍ട്ടിലെവല്‍ വാഹന പാര്‍ക്കിങ്ങ് സൗകര്യങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായികഴിഞ്ഞു. റെയില്‍വെ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നവീകരണത്തോടൊപ്പം ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങളും മികച്ചതാക്കും. ഈ പ്രവൃത്തികള്‍ക്കെല്ലാം ശ്രീ. ജോസ് കെ മാണി എം പി ആയിരുന്ന സമയത്ത് ഇരുപത് കോടി രൂപ റെയില്‍വെ അനുവദിച്ചിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനായി തോമസ് ചാഴികാടന്‍ എം പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സതേണ്‍ റെയില്‍വെ കണ്‍സ്ട്രക്ഷന്‍ ചീഫ് എഞ്ചിനീര്‍ ശ്രീ. ഷാജി സഖറിയ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീ. ചാക്കോ ജോര്‍ജ്ജ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ശ്രീ. ബാബു സഖറിയ, ശ്രീ. ജോസ് അഗസ്റ്റിന്‍ എന്നീ ഉദ്യോഗസ്ഥരും, ശ്രീ. വിജി എം തോമസ്, നഗരസഭാ കൗണ്‍സിലര്‍മാരായ ശ്രീ. ജോസ് പള്ളിക്കുന്നേല്‍, ശ്രീമതി. പി എന്‍ സരസമ്മാള്‍, ശ്രീ. എബി കുന്നേപ്പറമ്പില്‍ എന്നിവരും പങ്കെടുത്തു.

You May Also Like

Leave a Reply