kottayam

കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ പുനഃസ്ഥാപിക്കും; തോമസ് ചാഴികാടന്‍ എംപിക്ക് വിദേശകാര്യ മന്ത്രിയുടെ ഉറപ്പ്

കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി തോമസ് ചാഴികാടന്‍ എംപിയെ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ അറിയിച്ചു.

പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം തോമസ് ചാഴികാടന്‍ എംപി ഇക്കാര്യം ചൂണ്ടിക്കാട്ടി സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. ഇതിനു ശേഷം അദ്ദേഹം മന്ത്രിയെ നേരില്‍ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയും ഇക്കാര്യം ആവശ്യപ്പെട്ട് എംപി സന്ദര്‍ശിച്ചിരുന്നു.

കോട്ടയത്ത് നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകരോട് താല്‍കാലികമായി മറ്റ് മൂന്ന് കേന്ദ്രങ്ങളെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.