കോട്ടയം നസീര്‍ എന്നെ അത്ഭുതപ്പെടുത്തിയ ചിത്രകലാകാരന്‍; യൂട്യൂബ് ചാനലിന് ആശംസയുമായി മോഹന്‍ലാല്‍

കോട്ടയം: പ്രമുഖ മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാതാരവുമായ കോട്ടയം നസീര്‍ എന്ന കലാകാരന്റെ പുതിയ മുഖം യൂട്യൂബിലൂടെ ജനങ്ങളുടെ മുന്‍പിലേക്ക്.

ലോക്ഡൗണ്‍ കാലത്ത് താന്‍ വരച്ച ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തപ്പോള്‍ ലഭിച്ച മികച്ച പ്രതികരണമാണ് തന്നെ പുതിയ ചാനല്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് കോട്ടയം നസീര്‍ പറയുന്നു.

യേശുക്രിസ്തുവിന്റെ അക്രിലിറ്റ് പെയിന്റിംഗ് ആണ് ആദ്യ വിഡിയോയില്‍. ഒരു ലക്ഷം രൂപയ്ക്കു വിറ്റു പോയ ഈ ചിത്രം ഇന്ന് ആലപ്പുഴ മെത്രാന്‍ മന്ദിരത്തിലാണുള്ളത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തിരുന്നു.

കോട്ടയം നസീറിന്റെ പുതിയ ചാനലിന് ആശംസയര്‍പ്പിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെയാണ് ചാനല്‍ ഔദ്യോഗികമായി തുടങ്ങിയ കാര്യം മലയാളി പ്രേക്ഷകരെ അറിയിച്ചത്.

കോട്ടയം നസീര്‍ ഒരു ചിത്രകലാകാരനാണെന്നതു തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ പറയുന്നു. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

ശ്രീ കോട്ടയം നസീര്‍, ഒരു മിമിക്രി കലാകാരനായും സിനിമയിലഭിനയിക്കുന്ന എന്റെ സഹപ്രവര്‍ത്തകനായും അറിയാവുന്നയാളാണ്.

എന്നാല്‍ അദ്ദേഹം ഒരു ചിത്രകലാകാരന്‍ കൂടിയാണെന്നറിഞ്ഞതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കുറെയധികം ചിത്രങ്ങള്‍ ഞാന്‍ കണ്ടിരുന്നു. ആ പെയിന്റിംഗുകളില്‍ ചിലത് എനിക്കും സമ്മാനമായി നല്‍കിയിട്ടുണ്ട്.

ഈ ലോക് ഡൗണ്‍ കാലത്ത് അദ്ദേഹം നാല്പതിലേറെ ചിത്രങ്ങള്‍ വരച്ചു എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും തളരാതെ നമുക്ക് മുന്നോട്ടു പോയേ മതിയാകൂ എന്നു ലോകത്തിനു കാണിച്ചു കൊടുക്കാന്‍ കഴിയുന്ന നല്ല മാതൃകകളിലൊന്നാണിത്.

അദ്ദേഹത്തിന്റെ പുതിയ സംരംഭമായ കോട്ടയം നസീര്‍ ആര്‍ട്ട് സ്റ്റുഡിയോ എന്ന യുട്യൂബ് ചാനലിന് എന്റെ എല്ലാവിധ ആശംസകളും.

You May Also Like

Leave a Reply