കോണ്‍ഗ്രസ് വിമതയുടെ പിന്തുണ യുഡിഎഫിന്; എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; കോട്ടയത്ത് ഭരണം തീരുമാനിക്കാന്‍ ടോസ്

കോട്ടയം: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കോട്ടയം നഗരസഭയില്‍ ചെയര്‍പേഴ്‌സണെ ടോസിലൂടെ തീരുമാനിക്കും. അവസാന നിമിഷം വരെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ യുഡിഎഫിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് വിമത ബിന്‍സി സെബാസ്റ്റ്യന്‍ തീരുമാനിച്ചതോടെയാണ് നഗരസഭാ ഭരണം ടോസിലേയ്ക്കു നീങ്ങുന്നത്.

വിമതയുടെ പിന്തുണ ലഭിച്ചതോടെ നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങളുടെ വീതം പിന്തുണയായി. എട്ട് അംഗങ്ങളുള്ള ബിജെപിയുടെ പിന്തുണയാണ് ഇനി നിര്‍ണായകമാകുക.

Advertisements

കോട്ടയം നഗരസഭയിലെ 52-ാം വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ് വിമതയായാണ് ബിന്‍സി സെബാസ്റ്റ്യന്‍ മത്സരിച്ചു വിജയിച്ചത്. സീറ്റ് നിഷേധിച്ചതോടെ നാല്‍പ്പതോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്ഥാനാര്‍ഥിയായി ബിന്‍സി മത്സരിക്കുകയായിരുന്നു. ഈ വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയോടെ മത്സരിച്ച ബിന്‍സി എട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു കയറിയത്.

ചെയര്‍പേഴ്‌സണ്‍ സ്ഥാനം അടക്കം വാഗ്ദാനം ചെയ്തു സിപിഎമ്മും ഇടതു മുന്നണിയും പിന്നാലെ എത്തിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിയ്ക്കാന്‍ ബിന്‍സിയും ഒപ്പമുള്ളവരും തയാറാകുകയായിരുന്നു.

യഥാര്‍ഥ കോണ്‍ഗ്രസ്, യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സിയാണ് എന്ന പ്രചാരണവുമായാണ് വാര്‍ഡില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടു തന്നെ ബിന്‍സിയുടെ ഒപ്പമുള്ളവര്‍ ആരും തന്നെ നിലപാട് തിരുത്താന്‍ തയാറായില്ല. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി അടക്കം സ്വീകരിച്ചിരുന്നു. എന്നാലും ഇവര്‍ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞില്ല.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഞായറാഴ്ച ഉച്ചയോടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന നേതൃയോഗത്തില്‍ ബിന്‍സി എത്തുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും നേതൃത്വത്തിലാണ് ഇവിടെ യോഗം ചേര്‍ന്നിരുന്നത്.

ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബിന്‍സിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാല അണിയിച്ചു സ്വീകരിച്ചു. ഉമ്മന്‍ചാണ്ടി എംഎല്‍എയുമായി ചര്‍ച്ച നടത്തിയ ബിന്‍സി യുഡിഎഫിനെ പിന്തുണയ്ക്കാമെന്ന നിലപാട് അറിയിക്കുകയായിരുന്നു.

അഞ്ചു വര്‍ഷവും നഗരസഭ അധ്യക്ഷസ്ഥാനം നല്‍കണമെന്ന ഡിമാന്റാണ് ബിന്‍സി മുന്നോട്ടു വെച്ചിരിക്കുന്നത്. ഇത് കൂടാതെ ബിന്‍സിയുടെ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഈ നടപടി പിന്‍വലിക്കണമെന്നും ബിന്‍സി ആവശ്യപ്പെട്ടു.

ഇതോടെ നഗരസഭയില്‍ യുഡിഎഫിനു 22 അംഗങ്ങളുടെ പിന്തുണയായി. ഇനി നഗരസഭയില്‍ ചെയര്‍പേഴ്‌സണെ തെരഞ്ഞെടുക്കുന്നതിനു വോട്ടെടുപ്പിനു ശേഷം നറക്കെടുപ്പ് വേണ്ടി വരും. ഈ സാഹചര്യത്തില്‍ 28 ന് നടക്കുന്ന വോട്ടെടുപ്പും നറക്കെടുപ്പും നിര്‍ണായകമാകും.

You May Also Like

Leave a Reply