കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അതി ജാഗ്രത. അസ്ഥിരോഗ വാര്‍ഡ് അടച്ചു. വാര്‍ഡിലെ അറുപതിലധികം രോഗികളെയും മറ്റൊരു സ്ഥലത്തേക്കു മാറ്റി.
ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശികള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയ്ക്കു മുന്‍പായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസ്ഥിരോഗ ചികില്‍സയ്ക്കായി ഇവര്‍ ആശുപത്രിയിലെത്തിയത്.
രോഗം സ്ഥിരീകരിച്ച ഇരുവരെയും കോവിഡ് ഐസോലേഷന് വാര്‍ഡിലേക്കു മാറ്റി. രോഗികളായ ഇരുവര്‍ക്കുമൊപ്പം അടുത്ത ബെഡുകളില്‍ കഴിഞ്ഞ ആറു പേരെയും ഐസോലേഷന് ചെയ്തിട്ടുണ്ട്. ഗുരുതരമല്ലാത്ത രോഗികളെ ഡിസ്ചാര്‍ജു ചെയ്തു വീട്ടിലേക്കയച്ചു.
