സമ്പര്‍ക്ക രോഗവ്യാപനം; മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കോട്ടയം: ലോക്ഡൗണ്‍ ഇളവുകള്‍ക്കു ശേഷം നിയന്ത്രണങ്ങള്‍ പാലിക്കാത്തതു മൂലം മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം.

ചങ്ങനാശേരി, ഏറ്റുമാനൂര്‍ അടക്കമുള്ള മാര്‍ക്കറ്റുകളില്‍ രോഗബാധ പടരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ എം അഞ്ജന ഉത്തരവായി.

പ്രധാന നിര്‍ദേശങ്ങള്‍

 1. മാര്‍ക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് പ്രത്യേക എന്‍ട്രി പോയിന്റുകളും എക്‌സിറ്റ് പോയിന്റുകളും നിശ്ചയിക്കുക. എന്‍ട്രി പോയിന്റില്‍ എല്ലാ ചരക്കുവാഹനങ്ങളും അണുനശീകരണം നടത്തണം. വാഹനങ്ങളിലെ ജീവനക്കാരുടെയും, വാഹനത്തിലെത്തിച്ച ലോഡിന്റെയും ഉറവിടം, ലക്ഷ്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഡ്രൈവര്‍, മറ്റ് ജീവനക്കാരുടെ വിവരങ്ങള്‍ എന്നിവ ശേഖരിക്കുന്നതിന് എന്‍ട്രി പോയിന്റില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്. (നടപടി വ്യാപാരികളുടെ സംഘടന).
 2. എന്‍ട്രി പോയിന്റില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും സഹായികളുടെയും ശരീരോഷ്മാവ് അളക്കേണ്ടതും അതിനുശേഷം അണ്‍ലോഡിംഗ് പാസ് അനുവദിക്കേണ്ടതുമാണ്. പാസ് നല്‍കുന്നത് സംബന്ധിച്ച് ഒരു രജിസ്റ്റര്‍ എന്‍ട്രി പോയിന്റില്‍ സൂക്ഷിക്കേണ്ടതാണ്. (നടപടി വ്യാപാരികളുടെ സംഘടന)
 3. ഇപ്രകാരം ലഭിച്ച വാഹനത്തില്‍ നിന്ന് മാത്രമേ കടയുടമകളും തൊഴിലാളികളും ചരക്കുകള്‍ ഇറക്കാന്‍ പാടുള്ളൂ.
 4. വാഹനങ്ങള്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നത് മുതല്‍ ലോഡ് ഇറക്കി പുറത്തു വരുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് വ്യക്തമായ പദ്ധതി (മാപ്പ് ഉള്‍പ്പെടെ) ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം തയ്യാറാക്കി നടപ്പിലാക്കേണ്ടത് ആണ്. (നടപടി തദ്ദേശസ്വയംഭരണ സ്ഥാപനം)
 5. മാര്‍ക്കറ്റില്‍ ലോഡ് ഇറക്കുന്നതിനുള്ള സമയം മുകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പ്രായോഗികം ആകുന്ന രീതിയില്‍ പുനക്രമീകരിക്കുക. (നടപടി വ്യാപാരികളുടെ സംഘടന)
 6. വാഹനത്തിലെ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രത്യേകം മുറികളും ശുചിമുറികളും സജ്ജീകരിക്കേണ്ടതാണ്. ഓരോരുത്തരും ഉപയോഗിച്ചശേഷം അണുനശീകരണം നടത്തുകയും ശുചിമുറികളുടെ മുന്‍വശത്ത് വിവിധ ഭാഷകളില്‍ ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ഇവര്‍ മാര്‍ക്കറ്റിലുള്ള തൊഴിലാളികളോടും പൊതുജനങ്ങളോടും ഇടപഴകാതെ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള മുറികളില്‍ കഴിയുന്നുണ്ടെന്ന് ബാരിക്കേഡുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ഉറപ്പാക്കേണ്ടതാണ്. (നടപടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍)
 7. വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണം പൊതിയായി കടയുടമകള്‍ നല്‍കേണ്ടതാണ്. തൊഴിലാളികള്‍ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കുക. ലോഡ് ഇറക്കി കഴിഞ്ഞാല്‍ വാഹനങ്ങള്‍ ഉടന്‍തന്നെ മാര്‍ക്കറ്റില്‍ നിന്ന് പോകേണ്ടതാണ.് (നടപടി കടയുടമകള്‍)
 8. മൊത്തവിതരണ കച്ചവടക്കാര്‍ ദിവസേന തങ്ങളുടെ കടയില്‍ ലോഡ് ഇറക്കിയ വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും വാഹനത്തില്‍നിന്ന് ലോഡിറക്കിയ തൊഴിലാളികളുടെ പേരുവിവരവും ഫോണ്‍ നമ്പറും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇവ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതുമാണ്. (നടപടി മൊത്തവ്യാപാരികള്‍)
 9. പ്രവേശന കവാടത്തിലും കടകളുടെയും സ്റ്റാളുകളുടെയും മുമ്പിലുമായി കാലുകൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസര്‍ (കോണ്‍ടാക്ട്‌ലെസ് ഡിസ്‌പെന്‍സര്‍) ക്രമീകരിക്കേണ്ടതാണ്. (നടപടി വ്യാപാരികളുടെ സംഘടന)
 10. എല്ലാ സ്റ്റാളിലും ഓരോ ദിവസവും ജോലിചെയ്യുന്ന ജീവനക്കാരുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും അതാത് കടയുടമകള്‍ സൂക്ഷിക്കേണ്ടതാണ്.
 11. ഓരോ സ്ഥാപന ഉടമകളും തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളുകളും സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക്, ഗ്ലൗസ്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിച്ച് ബ്രേക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുമാണ്.
 12. എല്ലാ കയറ്റിറക്ക് തൊഴിലാളികളുടെയും ശരീരോഷ്മാവ് എന്‍ട്രി പോയിന്റില്‍ പരിശോധിക്കേണ്ടതാണ്. കയറ്റിറക്ക് തൊഴിലാളികള്‍ തങ്ങളുടെ യൂണിഫോം നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. (സെക്രട്ടറി തദ്ദേശ സ്വയംഭരണ സ്ഥാപനം)
 13. പനി, ചുമ മുതലായ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ യാതൊരു കാരണവശാലും മാര്‍ക്കറ്റുകളില്‍ പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല. ഇവര്‍ക്ക് തൊട്ടടുത്തുള്ള പബ്ലിക് ഹെല്‍ത്ത് സെന്റര്‍ (പിഎച്ച്‌സി)യുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.
 14. കച്ചവട സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരും വാഹന ഡ്രൈവര്‍മാരും മാര്‍ക്കറ്റില്‍ എത്തുന്ന പൊതുജനങ്ങളും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. മാസ്‌ക് മൂക്കും വായും മൂടത്തക്കവിധത്തിലാണ് ധരിച്ചിരിക്കുന്നതെന്ന് തൊഴിലുടമ ഉറപ്പാക്കേണ്ടതാണ്.
 15. മാര്‍ക്കറ്റില്‍ നിന്ന് ചില്ലറവില്‍പ്പന പരമാവധി ഒഴിവാക്കേണ്ടതാണ്.
 16. മാര്‍ക്കറ്റിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഇല്ലാത്ത കച്ചവടം അനുവദിക്കുന്നതല്ല. (നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനം)
 17. എല്ലാത്തരത്തിലുമുള്ള വഴിയോര കച്ചവടങ്ങളും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. (നടപടി പോലീസ്)
 18. മത്സ്യ മാര്‍ക്കറ്റുകളില്‍ ലേലം പൂര്‍ണമായും ഒഴിവാക്കേണ്ടതും അവസാന ആഴ്ചയിലെ വിലയെ അടിസ്ഥാനമാക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ് തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവര്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്ത് വില നിശ്ചയിക്കേണ്ടതും ആയത് പ്രകാരം വിപണനം നടത്തേണ്ടതുമാണ്.
 19. മത്സ്യം കൈകാര്യം ചെയ്യുന്ന ഉപകരണങ്ങള്‍ കത്തി എന്നിവ തുടരെത്തുടരെ അണുവിമുക്തമാക്കിയിരിക്കണം.
 20. വിപണനത്തിനുള്ള മത്സ്യം പ്രത്യേകം സ്റ്റാന്‍ഡുകളിലോ ട്രേകളിലോ മാത്രം സൂക്ഷിക്കേണ്ടതാണ്. തറയില്‍ മത്സ്യം സൂക്ഷിക്കുവാന്‍ പാടുള്ളതല്ല.
 21. മാര്‍ക്കറ്റും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതും നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കേണ്ടതുമാണ്. മാര്‍ക്കറ്റുകളില്‍ വെള്ളം കെട്ടികിടക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കേണ്ടതാണ്.

മേല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതു ജനങ്ങള്‍ക്ക് ദൃശ്യമാകുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ വ്യാപാരി വ്യവസായികളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത് തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന ചന്തകളില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതാണ്.

നിശ്ചിത ഇടവേളകളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ പരിശോധന നടത്തി ടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിലനില്‍ക്കുന്നതും ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

You May Also Like

Leave a Reply