കോട്ടയം ജില്ലാ പ്രസിഡന്റ് പദത്തിലേക്ക് ആര്? അവകാശവാദവുമായി സിപിഐയും? സാധ്യതകള്‍ ഇങ്ങനെ

കോട്ടയം: ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം പങ്കിടാന്‍ സിപിഎമ്മും കേരളാ കോണ്‍ഗ്രസും തയാറെടുക്കുന്നതിനിടെ പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ച് സിപിഐയും രംഗത്ത്. പ്രസിഡന്റ് സ്ഥാനം പങ്കിടുമ്പോള്‍ സിപിഐയെ കൂടി പരിഗണിക്കണമെന്ന് കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ ആവശ്യപ്പെട്ടു.

പാലായില്‍ പ്രതീക്ഷിച്ച പോലെ തിളക്കമാര്‍ന്ന വിജയം കൈവരിക്കാനായില്ലെന്നും പാലാ നിയോജക മണ്ഡലത്തിലെ അടക്കം പഞ്ചായത്തുകളില്‍ ഭരണം പിടിക്കാന്‍ സാധിക്കാതെ പോയതു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

എന്‍സിപിയുടെ നിലപാടുകള്‍ ഇടത് മുന്നണി ചര്‍ച്ചചെയ്യുമെന്നു പറഞ്ഞ അദ്ദേഹം കാഞ്ഞിരപ്പള്ളി മണ്ഡലവുമായി സിപിഐയ്ക്കു വൈകാരികമായ ബന്ധമാണുള്ളതെന്നും കേരള കോണ്‍ഗ്രസിന് ഈ സീറ്റ് വിട്ടു കൊടുക്കില്ലെന്നും അറിയിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധ്യക്ഷ സ്ഥാനം സിപിഎമ്മും കേരളാ കോണ്‍ഗ്രസും പങ്കിടുമെന്നാണു ലഭ്യമായ സൂചന. വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കു ലഭിച്ചേക്കും.

സിപിഎം ആദ്യ ടേമില്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താല്‍ കുമരകത്തു നിന്നു ജയിച്ച കെവി ബിന്ദു, തൃക്കൊടിത്താനത്തു നിന്നു ജയിച്ച മഞ്ജു സുജിത് എന്നിവരിലൊരാള്‍ക്കു നറുക്കു വീഴും. ത്രിതല പഞ്ചായത്തിലെ ഭരണ പരിചയം ബിന്ദുവിനു തുണയാകുമെന്നാണു സൂചന.

പള്ളം ബ്ലോക്ക് പഞ്ചായത്തംഗം, കുമരകം പഞ്ചായത്തംഗം, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എന്നീ നിലകളില്‍ ബിന്ദു പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

കാന്‍സര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയില്‍ പലയിടങ്ങളിലും സഞ്ചരിച്ചു സെമിനാറുകള്‍ക്കു നേതൃത്വം നല്‍കുന്ന മഞ്ജു സുജിത് സജീവ രാഷ്ട്രീയത്തില്‍ ആദ്യമാണ്. എന്നാല്‍ സാമൂഹ്യരംഗത്തെ ഈ പ്രവര്‍ത്തന മികവാണു മഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്.

കേരളാ കോണ്‍ഗ്രസിനാണു അവസരമെങ്കില്‍ മുന്‍ പ്രസിഡന്റു കൂടിയായ നിര്‍മല ജിമ്മിയ്ക്കാവും അവസരം ലഭിക്കുക. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വനിതാ വികസന കോര്‍പ്പറേഷന്‍, കേരളാ സ്റ്റേറ്റ് ഹാന്‍ഡികാപ്പ്ഡ് വികസന കോര്‍പ്പറേഷന്‍, പാലാ അര്‍ബന്‍ സൊസൈറ്റി എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് മെംബറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വനിതാ കേരളാ കോണ്‍ഗ്രസ് -എം സംസ്ഥാന പ്രസിഡന്റുമാണ്. സിപിഐയ്ക്ക് അവസരം ലഭിച്ചാല്‍ വൈക്കത്തു നിന്നു ജയിച്ച പിഎസ് പുഷ്പണിയെ നിയോഗിക്കും. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം, കേരള മഹിളാസംഘം തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയായ പ്രവര്‍ത്തിക്കുന്ന പുഷ്പണമി ചെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply