കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പിന് കോട്ടയം ഒരുങ്ങി; ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 23,839 ആരോഗ്യ പ്രവര്‍ത്തകര്‍

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പിന് നാളെ(ജനുവരി 16) തുടക്കം കുറിക്കുയാണ്. ജനുവരി എട്ടിന് നടത്തിയ ഡ്രൈ റണ്ണിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെന്നു കണ്ട അധിക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയാണ് കോട്ടയം ജില്ലയിലെ ഒന്‍പതു വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിരിക്കുന്നത്.

രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമാണ് വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും കുത്തിവയ്പ്പ്.

Advertisements

രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരു മണിക്കൂറില്‍ 12 പേര്‍ എന്ന കണക്കില്‍ 100 പേര്‍ക്കു വീതമാണ് ഓരോ ദിവസവും വാക്‌സിന്‍ നല്‍കുക. എല്ലാ കേന്ദ്രങ്ങളിലെയും ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി.

വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജനുവരി എട്ടുവരെ 23,839 ആരോഗ്യ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷമാണ് രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ്. ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള 29170 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് നിലവില്‍ ജില്ലയില്‍ ലഭ്യമായിട്ടുള്ളത്.

കോട്ടയം ജനറല്‍ ആശുപത്രിയിലെ വാക്‌സിന്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന വാക്‌സിന്‍ ഇന്ന് എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്.

വാക്‌സിന്‍ വിതരണ നടപടികള്‍ ഏകോപനച്ചുമതല സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍, പാലാ ആര്‍.ഡി.ഒ എം.ടി അനില്‍ കുമാര്‍ എന്നിവര്‍ക്കാണ്.

ജില്ലയില്‍ ആദ്യ ഘട്ട വിതരണം നടത്തുന്ന കേന്ദ്രങ്ങളും ഓരോ കേന്ദ്രത്തിലും ആദ്യം വാക്‌സിന്‍ സ്വീകരിക്കുന്നവരും

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി-സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍

കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍- ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്

പാലാ ജനറല്‍ ആശുപത്രി- മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് ശബരിനാഥ്

വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി- ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി. സ്വപ്ന

ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രി-മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസി സെബാസ്റ്റ്യന്‍

പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ. മനോജ്

ചങ്ങനാശേരി ജനറല്‍ ആശുപത്രി- ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജെ. തോമസ്

ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം- മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസഫ് ആന്റണി

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം- മെഡിക്കല്‍ ഓഫീസര്‍ ഡോ. സീന ഇസ്മായില്‍

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും അടിയന്തര സഹായത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫോണ്‍-0481 2565200

You May Also Like

Leave a Reply