കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍! ഹോട്ടലുകള്‍ക്കും വ്യാപാര ശാലകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ അറിയാം

കോട്ടയം: കോവിഡ് പ്രതിരോധ മുന്‍കരുതലുകളുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലാ കളക്ടര്‍ എം അഞ്ജന ഹോട്ടല്‍ റസിഡന്‍സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത.

ഇതനുസരിച്ച് രാവിലെ 7 മുതല്‍ വൈകുന്നേരം അഞ്ചുവരെ ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാം. അഞ്ചുമണിക്ക് ശേഷം പാര്‍സല്‍ സര്‍വീസ് മാത്രമേ പാടുള്ളൂ.

ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതലുകള്‍ക്കും രോഗപ്രതിരോധ പരിശീലനത്തിനും ഉള്ള നടപടികള്‍ ഹോട്ടലുടമകള്‍ സ്വീകരിക്കണം. ഹോട്ടലുകളില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും കൈകള്‍ ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനവും ഉടമകള്‍ ഉറപ്പാക്കണം.

ബേക്കറികളില്‍ ഭക്ഷണം ഇരുന്നു കഴിക്കുന്നതിന് അനുമതി ഇല്ല. ലൈസന്‍സില്ലാത്ത തട്ടുകടകള്‍ പോലെയുള്ള താല്‍ക്കാലിക ഭക്ഷണശാലയുടെ പ്രവര്‍ത്തനവും നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളിലും ഭക്ഷണ വിതരണം നടത്താന്‍ പാടില്ല.

ജില്ലയിലെ ഭക്ഷ്യ ഉല്‍പന്ന വിപണന ശാലകളില്‍ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഏര്‍പ്പെടുത്താന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇതനുസരിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണം.

സ്ഥിരം ഉപഭോക്താക്കള്‍ക്ക് വ്യാപാരികള്‍ ഫോണ്‍ നമ്പര്‍ നല്‍കണം. ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക ഉപഭോക്താക്കള്‍ വിളിച്ചറിയിക്കുമ്പോള്‍ അതു തയാറാക്ക്ി വെയ്ക്കണം. തയാറായി കഴിയുമ്പോള്‍ ഉപഭോക്താക്കളെ വിളിച്ചു വിവരമറിയിക്കുകയും അവര്‍ക്കു വന്നു പണം നല്‍കി സാധനങ്ങളുമായി വേഗം വാങ്ങി പോകാനും സാധിക്കുന്ന സാഹചര്യം ഉണ്ടാവണം.

ഉപഭോക്താക്കള്‍ വേഗം സാധനം വാങ്ങിപോകുന്ന സംവിധാനം നിലവില്‍ വന്നാല്‍ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാനാവും. നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂ, പോലീസ് വകുപ്പുകളിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധന നടത്തും.

ലംഘിക്കുന്നവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. രോഗപ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എം അഞ്ജന അറിയിച്ചു.

join group new

You May Also Like

Leave a Reply