കോട്ടയം ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇനി വൈകുന്നേരം ഏഴുവരെ മാത്രം; പുതിയ നിയന്ത്രണങ്ങള്‍ അറിയാം

കോട്ടയം: ജില്ലയിലെ ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും ജൂലൈ 27ലെ ഉത്തരവു പ്രകാരം ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മറ്റുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം ഏഴു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

നേരത്തെ ജൂലൈ 24ന് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികളുടെ യോഗത്തിലാണ് ഹോട്ടല്‍, റസ്‌റ്റോറന്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.

പിന്നീട് ജൂലൈ 27ന് ദുരന്ത നിവാരണ അഥോറിറ്റി യോഗം ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണെന്ന് യോഗത്തില്‍ തീരുമാനമായി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായത്. 2005ലെ ദുരന്തനിവാരണ നിയമവകുപ്പ് 3334, 2020ലെ കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ -4 എന്നിവ പ്രകാരം താഴെ പറയുന്ന നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

ജൂലൈ 27ന് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ (ഈ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കുമെന്നാണ് കളക്ടറുടെ പുതിയ ഉത്തരവ്)

  1. വിവാഹത്തിന് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.
  2. മേല്‍പ്പറഞ്ഞ രണ്ട് ചടങ്ങുകള്‍ക്ക് അല്ലാതെ മറ്റു ഒത്തുചേരലുകളും, പൊതു ചടങ്ങുകളും/ പരിപാടികളും നിരോധിച്ചിരിക്കുന്നു.
  3. ഹോട്ടലുകളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രമേ ഭക്ഷണം വിളമ്പാന്‍ പാടുള്ളൂ. അഞ്ചുമണിക്ക് ശേഷം രാത്രി പത്തുമണിവരെ പാഴ്‌സല്‍ ഹോം ഡെലിവറി സൗകര്യങ്ങള്‍ മാത്രമേ പാടുള്ളൂ.
  4. വഴിയോര ഭക്ഷണശാലകളില്‍ അംഗീകാരമുള്ളവയ്ക്കു മേല്‍ സമയ ക്രമപ്രകാരം പ്രവര്‍ത്തിക്കുന്നതാണ്.
  5. ബേക്കറിയില്‍ നിന്നും പാഴ്‌സല്‍ നല്‍കുന്നതിന് മാത്രമേ അനുമതിയുള്ളൂ. ഇരുത്തി ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് അനുവദനീയമല്ല.

ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷന്‍ 188, 269 എന്നിവ പ്രകാരവും നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

കണ്ടെയ്ന്‍മെന്റ് സോണിലും പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളിലും മേഖലകളിലും അവയ്ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക ഉത്തരവ് മാത്രം ബാധകമായിരിക്കുമെന്നും മേല്‍ പറഞ്ഞിരിക്കുന്ന പൊതു ഉത്തരവ് ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്.

Collector’s Order Issued on July 27
join group new

You May Also Like

Leave a Reply