കോട്ടയം: ജില്ലാ കളക്ടറുടെ അദാലത്തില്‍ പരാതിയുമായി ഏഴാം ക്ലാസുകാരനും. വൈക്കം താലൂക്ക് തല അദാലത്തില്‍ ജില്ലാ കളക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിലാണ് ഏഴാം ക്ലാസുകാരന് പരാതിയുമായെത്തിയത്.
വെച്ചൂര്‍ വെളുത്തേടത്ത് ആരോണ്‍ ജോ സെബാസ്റ്റ്യനാണ് ഈ പരാതിക്കാരന്. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം തേടിയാണ് കുട്ടി എത്തിയത്.
എറണാകുളം-ചേര്‍ത്തല -കോട്ടയം റോഡില്‍ അംബിക ജംഗ്ഷന് മുതല്‍ ബണ്ട് റോഡ് ജംഗ്ഷന് വഴി കൈപ്പുഴമുട്ടു വരെയുള്ള ഭാഗത്ത് വീതി കൂട്ടണമെന്നും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും സ്വന്തം കൈപ്പടയില്‍ എഴുതി നേരത്തെ സമര്‍പ്പിച്ച അപേക്ഷയില്‍ കുട്ടി ആവശ്യപ്പെട്ടിരുന്നു.
അവശ്യ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെന്നും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയറുമായി സംസാരിച്ചശേഷം കളക്ടര്‍ ആരോണിനെ അറിയിച്ചു.
ഓണ്‍ലൈന്‍ ക്ലാസിനേക്കാള്‍ ഇഷ്ടം സ്കൂളില്‍ പോകുന്നതാണെന്ന് കളക്ടറുടെ കുശലാന്വേഷണത്തിന് മറുപടിയായി പരാതിക്കാരന് പറഞ്ഞു.
