ക്രിസ്മസിനും പുതുവത്സരത്തിനും കോട്ടയം കുടിച്ചത് 22 ലക്ഷത്തിന്റെ മദ്യം!

കോട്ടയം: ക്രിസ്മസിനും പുതുവത്സരത്തിനുമായി കോട്ടയം കുടിച്ചു തീര്‍ത്തത് 22 ലക്ഷത്തിന്റെ മദ്യം. ക്രിസ്മസ് ദിനത്തില്‍ 13.61 ലക്ഷം രൂപയുടെ മദ്യവും പുതുവത്സരത്തിനു ഒന്‍പത് ലക്ഷം രൂപയുടെ മദ്യവുമാണ് ജില്ലയില്‍ വിറ്റത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യവില്‍പ്പന കുറവായിരുന്നെങ്കിലും കൊവിഡ് ലോക്ക് ഡൗണിനു ശേഷം മദ്യവില്‍പ്പനയിലുണ്ടായ വര്‍ധനവ് കോര്‍പറേഷന് ആശ്വാസം നല്‍കുന്നതാണ്.

Advertisements

ക്രിസ്മസിനു ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് സംസ്ഥാനത്തെ ബാറുകള്‍ തുറന്നത്. ബാറുകളില്‍ മദ്യപിക്കുന്നതിനു ബെവ് ക്യൂ ആപ്പ് ആവശ്യമില്ലെങ്കിലും ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകളില്‍ നിന്നും മദ്യം വാങ്ങുന്നതിനു ഇപ്പോഴും ബെവ്ക്യൂ ആപ്പ് ആവശ്യമുണ്ട്.

ബാറുകള്‍ തുറന്ന ആദ്യ ദിവസം ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പന ശാലയിലെ മദ്യ വില്‍പ്പന ഏഴു ലക്ഷം രൂപയിലേയ്ക്ക് എത്തിയിരുന്നു. നേരത്തെ ശരാശരി മൂന്നു ലക്ഷം രൂപയുടെ മാത്രം കച്ചവടമാണ് ദിവസവും ബിവറേജസ് കോര്‍പ്പറേഷനില്‍ നടന്നിരുന്നത്.

ലോക്ക് ഡൗണിനു മുന്‍പ് ശരാശരി 27 മുതല്‍ 30 ലക്ഷം രൂപയുടെ വരെ കച്ചവടം ദിവസവും ബിവറേജസ് കോര്‍പ്പറേഷനില്‍ നടന്നിരുന്നു. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണോടെയാണ് കച്ചവടം കുറഞ്ഞത്.

ബെവ്ക്യൂ ആപ്പ് കൂടി എത്തിയതോടെ ബിവറേജസ് കോര്‍പ്പറേഷനിലെ മദ്യ വില്‍പ്പന ശരാശരിയിലും താഴെയായി ഇടിഞ്ഞു. ക്രിസ്മസ് കച്ചവടത്തോടെയാണ് ഇപ്പോള്‍ മദ്യ വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

ജില്ലയില്‍ 36 മദ്യശാലകളാണ് ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡിനുമായുള്ളത്. ക്രിസ്മസിനും പുതുവര്‍ഷത്തിനും ബാറുകളില്‍ നടന്ന മദ്യ വില്‍പ്പനയുടെ കണക്ക് കൂടാതെയാണ് ബിവറേജസ് കോര്‍പ്പറേഷനിലെ കണക്ക് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബിവറേജസ് കോര്‍പ്പറേഷനിലെ മദ്യ വില്‍പ്പന ശരാശരിയിലും താഴെ പോയ സാഹചര്യത്തില്‍ അടുത്ത ആഴ്ച ബെവ്ക്യു ആപ്പ് പിന്‍വലിച്ചേക്കും. മലബാര്‍ മേഖലയില്‍ അടക്കമുള്ള ഷോപ്പുകളില്‍ ആപ്പില്ലാതെ മദ്യം വില്‍പ്പന നടക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ആപ്പില്ലെങ്കിലും അതത് ബിവറേജസുകളിലെ മാനേജര്‍മാര്‍ക്ക് തിരക്കിന് അനുസരിച്ചു മദ്യം വില്‍ക്കാമെന്ന വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജില്ലയിലെ ഷോപ്പുകളില്‍ പലതും ഇപ്പോഴും ആപ്പ് ഒഴിവാക്കി മദ്യം വില്‍ക്കാന്‍ തയാറായിട്ടില്ല.

You May Also Like

Leave a Reply