സച്ചിന്റെ റിക്കാര്‍ഡ് ഇനി പഴങ്കഥ; അതിവേഗം 12,000 ക്ലബില്‍ ഇടം നേടി കോഹ്ലി

കാന്‍ബറ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഒരു റിക്കാര്‍ഡു കൂടെ തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഏകദിന മത്സരത്തില്‍ അതിവേഗം 12,000 റണ്‍സ് എന്ന ചരിത്രനേട്ടമാണ് കോലി ഇന്ന് എഴുതിച്ചേര്‍ത്തത്.

ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ നിന്നായി ഏകദിനത്തില്‍ 12,000 റണ്‍സ് എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റിക്കാര്‍ഡ് ആണ് കോലി മറികടന്നത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 23 റണ്‍സ് പിന്നിട്ടപ്പോഴാണ് കോഹ്ലി ചരിത്രനേട്ടം സ്വന്തമാക്കിയത്.

Advertisements

251-ാം ഏകദിനം കളിക്കുന്ന കോലി 242 ഇന്നിംഗ്‌സില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 43 സെഞ്ചുറിയും 59 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 300 ഏകദിനങ്ങളില്‍ നിന്നാണ് സച്ചിന്‍ ഈ നാഴികക്കല്ലു പിന്നിട്ടത്.

ഏകദിനത്തില്‍ 12,000 റണ്‍സ് കുറിക്കുന്ന ആറാമത്തെ ക്രിക്കറ്ററാണ് കോലി. കോലിക്കും സച്ചിനും പുറമെ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്, ശ്രീലങ്കന്‍ താരങ്ങളായ കുമാര്‍ സംഗക്കാര, സനത് ജയസൂര്യ, മഹേല ജയവര്‍ധന എന്നിവരാണ് ഏകദിനത്തില്‍ 12,000 റണ്‍സ് എന്ന നേട്ടം പിന്നിട്ടിട്ടുള്ളത്.

പോണ്ടിംഗ് 314 ഏകദിന ഇന്നിംസില്‍ നിന്ന് ഈ നേട്ടത്തിലെത്തിയപ്പോള്‍ സങ്കക്കാര 336 ഇന്നിംഗ്‌സില്‍ നിന്നും ജയസൂര്യ 379 ഇന്നിംഗ്‌സില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്.

12,000 റണ്‍സിനു പുറമെ 10,000, 11000 റണ്‍സ് വേഗത്തില്‍ കൈവരിച്ചതും കോലിയാണ്. ഇവിടെയെല്ലാം കോലി പിന്തള്ളിയത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ തന്നെ.

194 ഇന്നിംസില്‍ നിന്നു 9000 റണ്‍സ് തികച്ച് റെക്കോര്‍ഡിട്ട കോലി 205 ഇന്നിംഗ്‌സില്‍ നിന്നാണ് 10,000 റണ്‍സ് തികച്ചത്. 11 ഇന്നിംഗ്‌സില്‍ നിന്നാണ് 1000 റണ്‍സ് കോലി സ്‌കോര്‍ ചെയ്തത്.

222 ഇന്നിംഗ്‌സില്‍ നിന്നു 11,000 റണ്‍സും തികച്ചു. കോലിക്ക് 11000 റണ്‍സ് തികയ്ക്കാന്‍ 17 ഇന്നിംഗ്‌സുകള്‍ മാത്രമാണ് കോലിക്കു വേണ്ടി വന്നത്. 11,000 റണ്‍സില്‍ നിന്നു 12,000 റണ്‍സിലെത്താന്‍ വേണ്ടി വന്നത് 20 ഇന്നിംഗ്‌സുകളാണ്.

സച്ചിന്റെ മറ്റൊരു റിക്കാര്‍ഡ് കൂടി കോലിയെ കാത്തിരിക്കുന്നുണ്ട്. കാന്‍ബറയില്‍ സെഞ്ചുറി നേടാനായാല്‍ ഓസ്‌ട്രേലിയ്‌ക്കെതിരേ കോഹ്ലിക്ക് ഒമ്പത് ഏകദിന സെഞ്ചുറിയാകും. ഒന്പതു സെഞ്ചുറികളുമായി സച്ചിന്‍ നിലവില്‍ കോഹ്ലിയേക്കാള്‍ ഒരു പടി മുന്നിലാണ്.

ഇന്ന് ലോകക്രിക്കറ്റില്‍ ഏറ്റവുമധികം റെക്കോര്‍ഡുകള്‍ സ്വന്തം പേരിലെഴുതിയിട്ടുള്ള താരം കൂടിയാണ് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡുകള്‍ ഓരോന്നായി സ്വന്തം പേരിലെഴുതി ചേര്‍ത്തു മുന്നേറുന്ന ഇന്ത്യന്‍ നായകന്‍ ഇനിയെത്ര റെക്കോര്‍ഡുകള്‍ കൂടെ സ്വന്തമാക്കും എന്നു മാത്രമാണ് അറിയേണ്ടത്? ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നതും അതിനാണ്.

You May Also Like

Leave a Reply