Pala News

എ പ്ലസ് ജേതാക്കൾക്ക് കെ എം മാണി ഫൗണ്ടേഷൻ അവാർഡ് വിതരണം ചെയ്തു

പാലാ: നിയോജക മണ്ഡത്തിലെ വിവിധ സ്കൂളുകളിൽ നിന്നും എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കെ.എം.മാണി ഫൗണ്ടേഷൻ ആദരിച്ചു.


പാലായെ സംസ്ഥാനത്തെ വിജ്ഞാന നഗരമാക്കുന്നതിൻ്റെ ഭാഗമായി ട്ടാണ് കെ എം മാണി ഫൗണ്ടേഷൻ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ സ്നേഹാദര സംഗമം സംഘടിപ്പിച്ചതെന്ന് ഫൗണ്ടേഷൻ ചെയർമാൻ ജോസ്.കെ.മാണി എം.പി. പറഞ്ഞു.

കെ എം മാണി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായിട്ടാണ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യുന്നത്.രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും വർഷംതോറും പാലായിലെ വിവിധ പഠന പരിശീലന സ്ഥാപനങ്ങളിൽ പഠിക്കാനായി എത്തുന്നത് ആയിരകണക്കിന് കുട്ടികളാണ് എന്ന് ജോസ്.കെ.മാണി പറഞ്ഞു. ട്രിപ്പിൾ ഐ.ടി പോലുള്ള സ്ഥാപനങ്ങളിൽ പഠിച്ച എല്ലാവർക്കും ഉയർന്ന തൊഴിൽ അവസരം നേടാനായി.

തുടർച്ചയായി രണ്ടാം വർഷവും എസ് എസ് എൽ സി ക്ക് ഏറ്റവുമധികം വിദ്യാർത്ഥികളെ വിജയിപ്പിച്ച വിദ്യാഭ്യാസ ജില്ലയായി പാലാ മാറി. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും മികവു തെളിയിച്ച ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നമ്മുടെ പാലായിലുള്ളത്.

മാധ്യമ പഠന മേഖലയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ, ട്രിപ്പിൾ ഐ.ടി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ്, കേന്ദ്രീയ വിദ്യാലയം തുടങ്ങിയവ കോട്ടയത്ത് എത്തിക്കുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര പ്രസിദ്ധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലത് മാത്രമാണ് ഇവ.ഒരു പാർലമെൻറ് മണ്ഡലത്തിൽ രണ്ടാമതൊരു കേന്ദ്രീയ വിദ്യാലയം എന്ന അപൂർവതയും കോട്ടയത്തിന് സ്വന്തമാണ്.

നൂതനമായ ആശയങ്ങളും വ്യത്യസ്തങ്ങളായ കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ ‘വണ്‍ എം.പി-വണ്‍ ഐഡിയ’ പദ്ധതി കേരളത്തിനു തന്നെ പുതുമയായി എന്നും അദ്ദേഹം പറഞ്ഞു.750-ൽ പരം വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.