തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാനമായ ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച മുരളി പെരുനെല്ലി എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്.
ഭരണഘടനയെയും അതിന്റെ ശിൽപ്പികളെയും നിന്ദിക്കുന്നത് സി പി എം നേതാക്കളുടെ സ്ഥിരം പല്ലവിയായി മാറിയിരിക്കുന്നു. ഇതൊന്നും കേവലം നാക്ക് പിഴകളല്ല. ഉള്ളിൽ അന്തർലീനമായിരിക്കുന്ന ജാതി ചിന്തയും അസഹിഷ്ണുതയും പുറത്ത് ചാടുന്നതാണ്. ഇത്തരം വീക്ഷണങ്ങളും നിലപാടുകളുമാണോ പാർട്ടി ക്ലാസുകളിൽ നൽകുന്നതെന്നു കൂടി നേതാക്കൾ വ്യക്തമാക്കണം.
ഭരണഘടനയെയും അംബേദ്കറെയും നിന്ദിച്ചതിന്റെ പേരിൽ ഒരു മന്ത്രി രാജി വെച്ച് ഇരുപത്തിനാല് മണിക്കൂർ പിന്നിടുന്നതിനു മുമ്പ് തന്നെ അതേ പാർട്ടി നേതാവായ നിയമസഭാ സാമാജികൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല.
ആർ എസ് എസ് ഉയർത്തുന്ന വാദങ്ങൾ സി പി എം ഏറ്റുപിടിക്കുന്നത് ഖേദകരമാണ്. ഫാഷിസത്തിനെതിരേ ഇന്ത്യയിലെ കാംപസുകളിലും തെരുവോരങ്ങളിലും ഉയരുന്ന മുദ്രാവാക്യം ജയ് ഭീം എന്നതാണെന്ന് എം എൽ എ അറിയാതെയല്ല പ്രസ്താവന നടത്തിയിട്ടുള്ളത്. അംബേദ്കറെ അപമാനിച്ച എം എൽ എ രാജി വെക്കാത്ത പക്ഷം സർക്കാരും സി പി എമ്മും അദ്ദേഹത്തെ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.