പാലാ: പാല റിംങ് റോഡിൻ്റെ രണ്ടാം ഘട്ട നിർമ്മാണത്തിനായുള്ള വിശദമായ രൂപരേഖ (ഡി.പി.ആർ) തയ്യാറാക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രച്ചർ ഇൻവസ്റ്റ്മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) നടപടി ആരംഭിച്ചു. ഒന്നാം ഘട്ടത്തിൻ്റെ തുടർച്ചായി പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈലിൽ നിന്നും ഭരണങ്ങാനം റോഡിലെ ചെത്തിമറ്റം വരെയാണ് നിർദ്ദിഷ്ഠ രണ്ടാം ഘട്ടം .
ഒന്നാം ഘട്ടത്തിനു നൽകിയിരുന്ന ഭരണാനുമതിയിൽ മിച്ചമുണ്ടായിരുന്ന തുക രണ്ടാം ഘട്ടത്തിൻ്റെ പൂർണ്ണമായ പൂർത്തീകരണത്തിന് തികയുമായിരുന്നില്ല. ഇതേ തുടർന്ന് കിഫ്ബി ഉന്നതതല സംഘവും റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് ഇൻവെസ്റ്റിഗേഷൻ, ഡിസൈൻ വിഭാഗവും വിശദ റിപ്പോർട്ടിനായി രണ്ടാം ഘട്ടറോഡ് അലൈൻമെൻ്റ് മേഖലയിൽ സന്ദർശനം നടത്തി.
കിഫ്ബി നേരത്തെ ഒരു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പുതിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പുതുക്കിയ ഡി.പി.ആർ തയ്യാറാക്കുവാനാണ് കിഫ്ബി അധികൃതരും മറ്റ് സാങ്കേതിക വിഭാഗങ്ങളും പാലായിൽ എത്തിയത്.
പദ്ധതി രൂപരേഖയിൽ ഉൾപ്പെടുന്ന മേഖലയിൽ വിശദമായ സാങ്കേതിക പരിശോധന നടത്തി ഭൂഉടമകളുമായി ചർച്ച നടത്തി. 2. 21 കി.മീ. ആകെ ദൂരം വരുന്ന രണ്ടാം ഘട്ടത്തിൻ്റെ 1.920 കി.മീ ഭാഗം കിഫ് ബി ഫണ്ട് വിനിയോഗിച്ച് കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയും അവശേഷിക്കുന്ന ചെത്തിമറ്റം വരെയുള്ള ഭാഗം പൊതുമരാമത്ത് ഫണ്ട് വിനിയോഗിച്ചും നടപ്പാക്കുവാനാണ് നിലവിലുള്ള തീരുമാനം.

ഒന്നാം ഘട്ടത്തിനായി അനുവദിച്ച തുകയിൽ ബാക്കി നിൽകുന്ന 13 കോടി രൂപ ചെത്തിമറ്റം ഭാഗത്തെ നിർമ്മാണത്തിനായി പി.ഡബ്ല്യു.ഡി. വിനിയോഗിക്കും.ടൗൺ റിംങ് റോഡിൻ്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായി പാലാ നഗരസഭയും മീനച്ചിൽ പഞ്ചായത്ത് അധികൃതരും തുടർച്ചയായി ആവശ്യപ്പെട്ടു വരികയായിന്നു.
ജോസ്.കെ.മാണി എം.പി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുമായി തുടരെ നടത്തിയ ചർച്ചയെ തുടർന്നാണ് ഇതുസംബന്ധിച്ച ഫയൽ വീണ്ടും പുനരാരംഭിച്ചത്. ഭൂരിഭാഗം ഭൂഉടമകളും ആരംഭ ഘട്ടത്തിൽ തന്നെ ഭൂമി വിട്ടു നൽകുന്നതിനായി സമ്മതപത്രം ജില്ലാ കളക്ടർക്ക് നേരത്തെ കൈമാറിയിരുന്നതാണ്.
പുതുക്കിയ ഡി.പി.ആർ തയ്യാറാക്കുന്നതിനായി എത്തിയ കിഫ്ബി അധികൃതരെ പ്രൊഫ. ജോസ് വട്ടമലയുടെ നേതൃത്വത്തിൽ ഭൂഉടമകൾ സ്വീകരിച്ചു. നേരത്തെ കല്ലിട്ട് തിരിച്ച അലൈൻമെൻ്റ് പ്രകാരമായിരിക്കും ഡിസൈൻ തയ്യാറാക്കുക എന്ന് ഇൻവസ്റ്റിഗേഷൻ വിഭാഗം അധികൃതർ പറഞ്ഞു.