കിടങ്ങൂര്‍: വ്യാജവിലാസത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഘത്തെ കിടങ്ങൂര്‍ പോലീസ് പിടികൂടി. ഉരച്ചു നോക്കിയാലും സ്വര്‍ണ്ണപണിക്കാര്‍ക്കു പോലും തിരിച്ചറിയുവാന്‍ കഴിയാത്ത വിധം വൈദഗ്ധ്യത്തോടുകൂടി മുക്കുപണ്ടം നിര്‍മ്മിച്ച് കിടങ്ങൂരുള്ള സ്വകാര്യപണമിടപാടു സ്ഥാപനത്തില്‍ 22.10.2020 തീയതി പണയം വച്ച് 70000/ രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതികളെയാണ് പോലീസ് പിടികൂടിയത്.
പ്രതികളായ പൂഞ്ഞാര്‍ കരോട്ട് വീട്ടില്‍ പരീക്കൊച്ച് മകന് മുഹമ്മദ് ഷിജാസ് (20), പൂഞ്ഞാര്‍ വെള്ളാപ്പള്ളിയില്‍ വീട്ടില്‍ അസീസ് മകന് മുഹമ്മദ് റാഫി (21), ഈരാറ്റുപേട്ട നടയ്ക്കല്‍ വലിയവീട്ടില്‍ അബ്ദുള്‍ നാസര്‍ മകന് മുഹമ്മദ് ഷാഫി (20) എന്നിവരാണ് പിടിയിലായത്.
കിടങ്ങൂര്‍ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ ചിട്ടയായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
അന്വേഷണവേളയില്‍ പോലീസിന്റെ ശ്രദ്ധ തിരിക്കുന്നതിനായി പ്രതികള്‍ ”ദൃശ്യം” സിനിമ സ്റ്റൈലില്‍ പ്രതിയുടെ സിം കാര്‍ഡ് മറ്റൊരു മൊബൈലിലിട്ട് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കയറ്റി വിട്ട് പോലീസിന്റെ അന്വേഷണത്തെ വഴി തിരിച്ചു വിടുവാന്‍ ശ്രമിച്ചു.
എന്നാല്‍ പോലീസ് പഴുതടച്ച് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. കാക്കനാട് ഉള്ള ഒളിസങ്കേതത്തില്‍ നിന്നുമാണ് 21.11.2020 തീയതി പ്രതികളെ അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി ജയ് ദേവ് ഐപിഎസിന്റെ മേല്‍നോട്ടത്തില്‍, പാലാ ഡിവൈഎസ്പി സാജു വര്‍ഗീസ്, കിടങ്ങൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സിബി തോമസ്, കിടങ്ങൂര്‍ എസ്ഐ അനീഷ് പിഎസ്, എഎസ്ഐ പ്രസാദ്, മഹേഷ് കൃഷ്ണന്, സീനിയര്‍ സിവില്‍ ഓഫീസര്‍ ആന്റണി സെബാസ്റ്റ്യന്‍, സുനില്‍ കുമാര്‍ എംജി എന്നിവരാണ് അന്വേഷണ സംഘാംഗങ്ങള്‍.
പ്രതികളെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്കെതിരെ കിടങ്ങൂര്‍ പോലീസ് സ്റ്റേഷനില്‍ 2 കേസും, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ ഒരു കേസും, എരുമേലി പോലീസ് സ്റ്റേഷനില്‍ ഒരു കേസും, തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഒരു കേസും സമാനമായ രീതിയിലുള്ള കുറ്റകൃത്യത്തിനു നിലവിലുണ്ട്.
കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പ്രതികള്‍ വ്യാജ രേഖ നിര്‍മ്മിച്ചു നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായ് സംശയിക്കുന്നുണ്ടെന്ന് കിടങ്ങൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സിബി തോമസ് പറഞ്ഞു. പോലീസിന്റെ മികവുറ്റ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.