വാങ്ങാന്‍ കാശില്ല, ലംബോര്‍ഗിനി സ്വന്തമായുണ്ടാക്കി മലയാളി; മലയാളിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ നമിച്ച് ലംബോര്‍ഗിനിയും!

ലംബോര്‍ഗിനി പോലൊരു സൂപ്പര്‍കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത വാഹനപ്രേമികള്‍ ഉണ്ടാവില്ല. എന്നാല്‍ കോടികള്‍ വിലവരുന്ന ഈ കരുത്തനെ സ്വന്തമാക്കാന്‍ പലര്‍ക്കും സാധിക്കാറുമില്ല.

എന്നാല്‍ മേടിക്കാന്‍ കൈയില്‍ പണമില്ലെന്നു കരുതി തന്റെ ആഗ്രഹത്തെ ഉപേക്ഷിക്കാന്‍ ഇടുക്കി സ്വദേശിയായ അനസ് എന്ന യുവാവ് തയാറായിരുന്നില്ല. ഫലമോ, സ്വന്തമായി ഒരു ലംബോര്‍ഗിനി തന്നെ അങ്ങ് ഉണ്ടാക്കിയെടുത്തു ഈ യുവാവ്. ഏകദേശം രണ്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഈ ലംബോര്‍ഗിനി ഇന്ന് അനസിന്റെ വീട്ടുമുറ്റത്ത് കൗതുകമായി നിലകൊള്ളുന്നു.

പന്തല്‍ പണിക്കും കേറ്ററിങ്ങിനും പോയികിട്ടുന്ന കാശുകൊണ്ടാണ് അനസ് ലംബോര്‍ഗിനി നിര്‍മിച്ചത്. ഒടുവില്‍ അനസിന്റെ ലംബോര്‍ഗിനി സമൂഹമാധ്യമങ്ങളില്‍ താരമായതോടെ അനസിനെ തേടി സാക്ഷാല്‍ ലംബോര്‍ഗിനിയില്‍ നിന്നും വിളി എത്തി.

കാറിന്റെ വിഡിയോ ശ്രദ്ധയില്‍പെട്ടതോടെ ലംബോര്‍ഗിനിയുടെ ബെംഗളൂരു ഓഫീസില്‍ നിന്നാണ് അനസിന് അഭിനന്ദനമറിയിച്ചു വിളി വന്നത്. വിഡിയോ കണ്ടശേഷം ലംബോര്‍ഗിനിക്കു പുറമെ മറ്റു വാഹന നിര്‍മാതാക്കളടക്കം ഒരുപാട് പേരാണ് അനസിനെ അഭിനന്ദിച്ചു വിളിച്ചത്.

ആലുവയിലെ ഒരു യൂസ്ഡ് കാര്‍ ഷോറൂമില്‍ ഏറെ തലയെടുപ്പോടെ നില്‍ക്കുന്ന ലംബോര്‍ഗിനിയെ കണ്ടതുമുതലാണ് അനസിന്റെ മനസ് ആ ആഡംബരക്കാര്‍ സ്വപ്നം കാണാന്‍ തുടങ്ങിയത്. പിന്നെ ഇത്തരത്തില്‍ എങ്ങനെ ഒരു കാര്‍ സ്വന്തമാക്കാം എന്നായി.

വാങ്ങാനാവില്ലെന്ന് അറിയാമെന്നതിനാല്‍ എങ്ങനെ ഇത്തരത്തില്‍ ഒരു കാര്‍ നിര്‍മിക്കാം എന്നതിനെ കുറിച്ചായിരുന്നു ചിന്ത. പിന്നെ 18 മാസമെടുത്ത് സ്വന്തമായി പണിത, ഒറ്റ നോട്ടത്തില്‍ ലംബോര്‍ഗിനി തന്നെയെന്ന് ആരും പറയുന്ന ആ കാര്‍ ഇപ്പോള്‍ അനസിന്റെ വീട്ടുമുറ്റത്ത് കൗതുകക്കാഴ്ചയാണ്.

എംബിഎ ബിരുദധാരിയാണ് അനസ്. ഒഴിവു സമയങ്ങളില്‍ കേറ്ററിങ് ജോലിക്കു പോയും പന്തല്‍ അലങ്കാര പണിക്കു പോയും കണ്ടെത്തിയ 2 ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് നിര്‍മാണം.

ഹീറോ ഗ്ലാമര്‍ ബൈക്കിന്റെ 110 സിസി എന്‍ജിന്‍ ഉപയോഗിച്ചാണു നിര്‍മാണം. ഡ്യൂക്കിന്റെ എന്‍ജിന്‍ ആരുന്നെങ്കില്‍ ലംബോര്‍ഗിനി മറ്റൊരു ലെവല്‍ ആയേനെയെന്നാണ് അനസിന്റെ ഭാഷ്യം. പക്ഷേ കൂടുതല്‍ പണം ആവശ്യമായതിനാലാണ് തന്റെ പഴയ ബൈക്കിന്റെ എന്‍ജിന്‍ എടുത്ത് ഉപയോഗിച്ചത്.

ഉപയോഗ ശൂന്യമായ ബൈക്കിന്റെ എന്‍ജിന്‍ സംഘടിപ്പിച്ച ശേഷം ഇരുമ്പ് കൊണ്ട് ചട്ടക്കൂട് നിര്‍മിച്ചു. പഴയ ഫ്ളെക്സും പ്ലാസ്റ്റിക് വസ്തുക്കളും വരെ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഒറിജിനല്‍ ലംബോര്‍ഗിനിയുടേതിനു സമാനമായ സൗകര്യങ്ങളെല്ലാം ഈ വാഹനത്തിലും അനസ് ഒരുക്കിയിട്ടുണ്ട്. ഡിസ്‌ക് ബ്രേക്ക്, പവര്‍ വിന്‍ഡോ, സണ്‍ റൂഫ്, മുന്നിലും പിന്നിലും ക്യാമറകള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം അനസിന്റെ ‘ലംബോര്‍ഗിനിയിലുണ്ട്’.

3 വര്‍ഷം മുന്‍പാണ് അനസിന്റെ പിതാവ് ബേബി മരിച്ചത്. അമ്മ മേഴ്സി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അജസ് ഏക സഹോദരന്‍.

അര ലക്ഷം കൂടി മുടക്കി ഇലക്ട്രിക് വാഹനമാക്കണമെന്നാണ് അനസിന്റെ ആഗ്രഹം. ഒപ്പം തന്റെ ലംബോര്‍ഗിനി പൃഥ്വിരാജ് ഒന്നു കണ്ടിരുന്നെങ്കില്‍ എന്നും അനസിന് ആഗ്രഹമുണ്ട. പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കണ്ടാണ് അനസ് ലംബോര്‍ഗിനി നിര്‍മിക്കാന്‍ ഒരുങ്ങിയത്. ഇതാണ് പ്രിഥ്വിരാജ് തന്റെ വാഹനം കാണണമെന്ന് അനസ് ആഗ്രഹിക്കുന്നതിനു പിന്നിലെ രഹസ്യം.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply