kottayam

സ്ത്രീകൾ സാമൂഹ്യ തിന്മകൾക്കെതിരെ പോരാടണം :പ്രൊഫ.ലോപ്പസ് മാത്യു

കോട്ടയം: രാജ്യത്തും സമൂഹത്തിലും വർദ്ധിച്ചുവരുന്ന സാമൂഹ്യ തിന്മകൾക്കെതിരെ സ്ത്രീകൾ പോരാടണമെന്നും അല്ലാത്തപക്ഷം നമ്മുടെ സമൂഹം അരക്ഷിതാവസ്ഥയിൽ ആകുമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. കേരള വനിതാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പൊതുവേ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾ കൂടുകയാണ്. മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ട് മനുഷ്യബന്ധങ്ങൾക്ക് അടുപ്പം നഷ്ടപ്പെട്ട് സ്വന്തം മക്കളെയും സഹോദരങ്ങളേയും വരെ ആക്രമിക്കുകയും, കൊല്ലുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഇതിനെതിരെ സമൂഹ മനസ്സാക്ഷിയെ ഉണർത്താൻ മഹിളകൾക്കേ കഴിയൂ. അതിനുവേണ്ടിയുള്ള കർമ്മപദ്ധതികൾ പഞ്ചായത്ത് തലത്തിൽ കേരള വനിത കോൺഗ്രസ് എം ആവിഷ്കരിക്കണം.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഈ വിഷയത്തിൽ ഒന്നിച്ചു കൂട്ടണമെന്നും പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. വനിതാ കോൺഗ്രസിന്റെ മെമ്പർഷിപ്പ് പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.

കേരള വനിതാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷീല തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഔസേപ്പച്ചൻ വാളിപ്ലാക്കൽ, നിർമ്മല ജിമ്മി, മോളി മേക്കട്ട്, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.