സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയില്‍

ആഭ്യന്തര വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ടൂറിസത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലും ശ്രദ്ധേയമായ വളര്‍ച്ചയാണ് കഴിഞ്ഞ നാല് വര്‍ഷം നേടാന്‍ സാധിച്ചത്.

2015-16 ല്‍ 1.24 കോടി വിദേശ ആഭ്യന്തര ടൂറിസ്റ്റുകള്‍ കേരളത്തില്‍ എത്തിയപ്പോള്‍ 2019-20 ല്‍ അത് 17.81 ശതമാനം വര്‍ദ്ധിച്ച് 1.83 കോടിയില്‍ എത്തി. 9.77 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് 2015-16 ല്‍ കേരളം കാണാനെത്തിയതെങ്കില്‍ 2019-20 ആയപ്പോഴേക്കും 8.52 ശതമാനം വര്‍ദ്ധിച്ച് 11.89 ലക്ഷമായി.

ടൂറിസം മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും കാലാനുസൃതമായ വിപണന തന്ത്രങ്ങള്‍ ഒരുക്കിയും സമഗ്രമായ പദ്ധതികള്‍ ആസൂത്രണം ചെയ്തതിന്റെ ഫലമാണ് സഞ്ചാരികളുടെ എണ്ണത്തിലുള്ള വളര്‍ച്ചയെന്ന് കാണാം.

സഞ്ചാരികളുടെ എണ്ണത്തിലുള്ള വളര്‍ച്ച മാത്രമല്ല കേരളത്തിലേക്ക് മികച്ച വരുമാനവും എത്തിക്കാന്‍ ടൂറിസം മേഖലയ്ക്ക് സാധിച്ചു എന്നുള്ളത് അഭിമാനകരമായ നേട്ടമാണ്. 2015-16 ല്‍ 6949.88 കോടി രൂപയായിരുന്നു വിദേശ സഞ്ചാരികളില്‍ നിന്നുള്ള വരുമാനം.

എന്നാല്‍ 2019-20 ലേക്ക് എത്തുമ്പോള്‍ 17.19 ശതമാനം വര്‍ദ്ധിച്ച് 10271.06 കോടിയിലേക്കാണ് വരുമാനം ഉയര്‍ന്നത്.

2015-16 ല്‍ ടൂറിസം മേഖലയില്‍ നിന്നു നേരിട്ടും അല്ലാതെയും ലഭിച്ച ആകെ വരുമാനം 26689.63 കോടി ആയിരുന്നത് 2019-20 ആകുമ്പോഴേക്കും 24.14 ശതമാനം വര്‍ദ്ധിച്ച് 45010.69 കോടി രൂപയായി വര്‍ദ്ധിച്ചു.

സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലുമുള്ള വര്‍ദ്ധന കേരളം ടൂറിസം രംഗത്ത് സ്വീകരിച്ച നയങ്ങളുടെയും പദ്ധതികളുടെയും പ്രതിഫലനമാണ്.

2020-21 ല്‍ ടൂറിസം രംഗത്തെ പുതുവര്‍ഷ വളര്‍ച്ചയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് ലോകമെമ്പാടും പടര്‍ന്ന് പിടിച്ച കോവിഡ് മഹാമാരി കേരളത്തിലേക്കും എത്തിയത്. തുടര്‍ന്ന് 2020 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞ് കിടന്നു.

സമാനതകളില്ലാത്ത പ്രതിസന്ധിഘട്ടത്തില്‍ വിനോദ സഞ്ചാര രംഗത്തെ തൊഴിലാളികളെയും സംരംഭകരെയും സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ട് ഇറങ്ങിയാണ് പുതിയ സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ചത്.

സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുമായി ചേര്‍ന്ന് വര്‍ക്കിംഗ് കാപ്പിറ്റല്‍ സപ്പോര്‍ട്ട് സ്‌കീം, കേരള ബാങ്കുമായി ചേര്‍ന്ന് തൊഴിലാളി സഹായ വായ്പ സ്‌കീം, ഒറ്റത്തവണ ഹൗസ് ബോട്ട് മെയിന്റനന്‍സ് സ്‌കീം, വിനോദ സഞ്ചാരി ഗൈഡ് സഹായക സ്‌കീം എന്നിവ പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കൈത്താങ്ങാകുന്ന കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

എല്ലാ മേഖലകളിലും അതിജീവനത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിക്കുന്ന കേരളം സര്‍ക്കാരിന്റെ പുതിയ ടൂറിസം നയങ്ങളുടെ പിന്‍ബലത്തില്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ സഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply