സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആകും. ഇക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക.

ഇത്തവണത്തെ പ്രവേശനോത്സവ പരിപാടി മലയിൻകീഴ് സ്കൂളിൽ നടക്കുമ്പോൾ അധ്യക്ഷ പ്രസംഗത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത് വന്നതോടെയാണ് മുൻനിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. വിഷയത്തിൽ ഇന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ അധ്യാപക സംഘടനകളുടെ യോഗം ചേർന്നിരുന്നു.
എല്ലാവരുടെയും അഭിപ്രായം കേട്ട് സർക്കാർ വിശാല നിലപാട് സ്വീകരിക്കുകയാണെന്ന് യോഗത്തിന് ശേഷം മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. അധ്യാപക സംഘടനകൾക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനാലാണ് സംഘടനകളുമായി ചർച്ച വിളിച്ചത്. അധ്യയന ദിനങ്ങൾ 205 തന്നെയാക്കി കുറയ്ക്കാൻ യോഗത്തിൽ തീരുമാനമെടുത്തുവെന്നും മന്ത്രി പറഞ്ഞു.
