ഭക്ഷണം ലഭിക്കുന്നില്ലെന്നും ഭര്‍ത്താവ് നോക്കുന്നില്ലെന്നുമുള്ള പരാതിയുമായെത്തിയ കുടുംബത്തിന് പോലീസുകാര്‍ നല്‍കിയ സമ്മാനം! ഇതാവണമെടാ പോലീസ്

ഭക്ഷണം ലഭിക്കുന്നില്ലെന്നും ഭര്‍ത്താവ് നോക്കുന്നില്ലെന്നുമുള്ള പരാതിയുമായിട്ടെത്തിയ കുടുംബത്തിന് സ്‌നേഹം വിളമ്പി മലപ്പുറം ജില്ലയിലെ കാളികാവ് പോലീസ്.

പോലീസുകാരുടെ ഇടപെടലില്‍ അവരുടെ പരാതിയും ഇല്ലാതായി. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് നാല്പത് സെന്റിലെ ഒരു യുവതിയും കുട്ടികളും പേടിച്ചാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.

ഭര്‍ത്താവ് ആവശ്യമായ പരിഗണന നല്‍കുന്നില്ലെന്നതായിരുന്നു അവരുടെ പരാതി.യുവതിയും കുട്ടികളും ക്ഷീണിച്ച നിലയിലായിരുന്നു. പരാതികേട്ട പോലീസ് ഭര്‍ത്താവിനെ വിളിപ്പിക്കുകയും തന്റെ പിഴവുകള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു.

ഭാര്യയെയും മക്കളെയും നല്ലനിലയില്‍ നോക്കിക്കൊള്ളാമെന്ന് പോലീസിന് ഉറപ്പു നല്‍കുകയും ചെയ്തു. പരാതിക്ക് പരിഹാരമായതോടെ യുവതിക്കും മക്കള്‍ക്കും ആശ്വാസമായി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ അച്ഛനെയും അമ്മയെയും മക്കളെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിപ്പിക്കാനും പോലീസുകാര്‍ മറന്നില്ല. ഒന്നാംതരം കോഴിബിരിയാണിയാണ് പോലീസുകാര്‍ വിളമ്പിയത്.

പഠനസാമഗ്രികളുടെ കുറവുണ്ടെന്ന് അറിയിച്ച കുട്ടികള്‍ക്ക് കൈനിറയെ സാധനങ്ങളും പോലീസുകാര്‍ വാങ്ങിച്ചു കൊടുത്തു. ഇവര്‍ക്ക് തിരിച്ച് കോളനിയിലേക്ക് മടങ്ങിപ്പോകാനുള്ള വാഹനംകൂടി പോലീസുകാര്‍ ഒരുക്കിക്കൊടുത്തു.

You May Also Like

Leave a Reply