വാഴയ്ക്കന്റെ കളി ഇങ്ങോട്ട് വേണ്ട; അസഹിഷ്ണുതയും വിരട്ടലും വേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് എം

കോട്ടയം: ജോസഫ് വാഴയ്ക്കന്‍ കേരളാ കോണ്‍ഗ്രസിനെ അനാവശ്യമായി കടന്നാക്രമിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജയകൃഷ്ണന്‍ പുതിയേടത്ത്. ചാനല്‍ ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും അദ്ദേഹം കേരളാ കോണ്‍ഗ്രസിനെ അനാവശ്യമായി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എമ്മിനെ ജോസഫ് വാഴയ്ക്കന്‍ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

Advertisements

ജോസഫ് വാഴയ്ക്കന്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ചാല്‍ തോല്‍ക്കുന്ന സാഹചര്യമായിരുന്നു. അന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന് സ്വാധീനമുള്ള സ്ഥലത്ത് മത്സരിക്കാന്‍ സഹായിക്കണമെന്ന് കെഎം മാണിയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പലയാവര്‍ത്തി ആവശ്യപ്പെട്ടതിനു ശേഷമാണ് അദ്ദേഹത്തിനു മീനച്ചിലില്‍ നിന്നും മത്സരിക്കാന്‍ അവസരം നല്‍കിയത്. അന്ന് മാണി കാണിച്ച സന്മനസുകൊണ്ടാണ് ജോസഫ് വാഴയ്ക്കന്‍ എന്ന നേതാവ് രൂപപ്പെടുന്നത്.

അന്നുമുതല്‍ ഇന്നുവരെ കേരളാ കോണ്‍ഗ്രസിനെ ആക്രമിക്കുന്ന സ്വഭാവമാണ് അദ്ദേഹം കാണിക്കുന്നതെന്നും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ പറയുന്നു.

‘ജോസഫ് വാഴയ്ക്കന്റെ ധാര്‍ഷ്ട്യം കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയോട് വേണ്ട. മീനച്ചിലില്‍ മത്സരിക്കാന്‍ അന്ന് വിനീതവിധേയന്‍. ഇന്ന് വല്ലാത്തൊരു അസഹിഷ്ണുതയും. വിരട്ടലും വെല്ലുവിളിയും ഇങ്ങോട്ട് വേണ്ട.’ എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ജോസഫ് വാഴയ്ക്കന്‍ സ്വീകരിച്ചതെന്നും കണക്കുകള്‍ നിരത്തി കേരളാ കോണ്‍ഗ്രസ് ആരോപിക്കുന്നു.

തന്നെ സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ജോസഫ് വാഴയ്ക്കന്‍ പറയുന്നത്. അത് കയ്യിലിരിപ്പുകൊണ്ടാണെന്ന് കൂട്ടിയാല്‍ മതി. അതില്‍ കേരളാ കോണ്‍ഗ്രസിന് പങ്കില്ല.

ശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ജോസഫ് വാഴയ്ക്കന് ഇനി ജനപ്രതിനിധിയാകാന്‍ കഴിയുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മീനച്ചിലില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കെ എം മാണിയുടെ കാലുപിടിച്ച് കേരളാ കോണ്‍ഗ്രസിന്റെ കുത്തക സീറ്റില്‍ മത്സരിച്ച് ജയിച്ചു.

എന്നാലിനി അദ്ദേഹത്തിന്റെ ശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഇനിയൊരിക്കലും ജയിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അതിന് കേരളാ കോണ്‍ഗ്രസിനെ പഴിക്കരുതെന്നും വീഡിയോയില്‍ പറയുന്നു.

You May Also Like

Leave a Reply