
പാലാ: മദ്യശാലകളുടെ മുന്‍പിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി വിധിയുടെ മറവില്‍ സംസ്ഥാനത്തൊട്ടാകെ ‘243’ പ്രീമിയം വാക്ക് ഇന്‍ മദ്യശാലകള്‍ക്കൂടി തുടങ്ങാന്‍ അനുമതി നല്കിയത് ജനദ്രോഹപരമാണെന്ന് പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി.
നാട്ടിലുടനീളം മദ്യവിപത്തിന്റെ ക്രൂരതകള്‍ സംഹാരതാണ്ഡവമാടുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയാണ് സര്‍ക്കാരിന്റെ ഈ നടപടി. മലയാളിയുടെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ് സര്‍ക്കാര്‍. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷംപൂര്‍ത്തിയാക്കുമ്പോള്‍ മദ്യവില്പനയിലും ഉപഭോഗത്തിലും റെക്കാര്‍ഡ് വര്‍ദ്ധനയാണ്. ഇത് മലയാളിയുടെ മാനസികാരോഗ്യ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്.
മദ്യവില്പന കൊണ്ട് ഈ സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 16619 കോടി രൂപയുടെ വരുമാനമാണ് നേടിയിരിക്കുന്നത്. ഒരു വര്‍ഷംകൊണ്ട് മലയാളി കുടിച്ചുതീര്‍ത്തത് 18 കോടി ലിറ്റര്‍ മദ്യമാണ്. കണക്കുകള്‍ പ്രകാരം പ്രതിദിനം മലയാളി കുടിക്കുന്നത് 5 ലക്ഷം ലിറ്റര്‍ മദ്യമാണ്.
അധികാരത്തിലെത്തിയാല്‍ നിലവിലുള്ളതിലും കൂടുതലായി ഒരു തുള്ളി മദ്യം പോലും അനുവദിക്കില്ലായെന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനം സര്‍ക്കാര്‍ ഇപ്പോള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്.'ദീപസ്തംഭം മാഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ചിന്ത സര്‍ക്കാരും അബ്കാരികളുംവെടിയണം. മനുഷ്യന്റെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും നാള്‍ക്കുനാള്‍ പോരായ്മകള്‍ നേരിടുമ്പോള്‍ മലയാളിയെ ചൂഷണം ചെയ്യുന്ന നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണം.
രൂപതാ പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ച യോഗം ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ ഉദ്ഘാടനം ചെയ്തു.ജോസ് കവിയില്‍, ജോസ് ഫ്രാന്‍സിസ്, ആകാശ് ആന്റണി, അലക്‌സ് കെ. തോമസ്, സാബു എബ്രാഹം, സിബി പാറന്‍കുളങ്ങര, സായു ജോസഫ്, എബ്രാഹം ഫ്രഞ്ചി, ജെസ്സി ജോസ്, ടിന്റു അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.