കാഞ്ഞിരപ്പള്ളി: കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് പിടികൂടി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സര്‍ജന്‍ ഡോക്ടര്‍ സുജിത് കുമാര്‍ ആണ് രോഗിയുടെ ബന്ധുവിന്റെ കൈയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്.
ഡോക്ടറെ കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തിയതിനെ തുടര്‍ന്ന് നിജസ്ഥിതി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കെണിയൊരുക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.30 നാണു ഡോക്ടറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

മുണ്ടക്കയം സ്വദേശി ഹെര്‍ണിയ രോഗത്തിന് ചികിത്സയ്ക്കായി ചെന്നപ്പോള്‍ ഓഗസ്റ്റ് 15ന് ഓപ്പറേഷന്‍ വേണ്ടി വരുമെന്നും 5000 രൂപാ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. പതിനാറാം തീയതി അഡ്മിറ്റാവുകയും 2000 രൂപാ കൈക്കൂലിയായി നല്‍കുകയും ചെയ്തു.
18 നു ഓപ്പറേഷന്‍ കഴിഞ്ഞിട്ട് രോഗിയുടെ മകനോട് ബാക്കി 3000 രൂപാ ആവശ്യപ്പെടുകയായിരുന്നു.
അവര്‍ വിജിലന്‌സുമായി ബന്ധപ്പെടുകയും, വിജിലന്‍സ് നല്‍കിയ നോട്ടു സഹിതം ഇന്ന് ആശുപത്രിക്കു സമീപമുള്ള ഡോക്ടറുടെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുന്ന സമയം മറഞ്ഞുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് എത്തിച്ചേര്‍ന്നു പിടികൂടുകയുമായിരുന്നു.
കോട്ടയം വിജിലന്‍സ് എസ് പി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം, കോട്ടയം വിജിലന്‍സ് റെയിഞ്ച് ഡി വൈ എസ് പി., പി വി മനോജ് കുമാറും മറ്റ് വിജിലന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.