മുഖത്തും തലയുടെ പിന്നിലും വലിയ മുറിവ്, അടിവയറ്റിലും നടുവിനു പിന്നിലും നീല നിറത്തിലുള്ള പാട്; ഷെഫീക്കിന്റെ മരണത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ഷെഫീഖിനെ പോലീസ് മര്‍ദിച്ചു കൊന്നതാണെന്ന ഗുരുതര ആരോപണവുമായി ഷെഫീഖിന്റെ കുടുംബം രംഗത്ത്.

തട്ടിപ്പുകേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിഞ്ഞുവന്ന കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീക് (35) ആണ് മരിച്ചത്.

ട്രഷറി ഓഫീസറാണെന്നു പറഞ്ഞ് ഉദയംപേരൂരില്‍ ഒറ്റയ്ക്ക് വാടകവീട്ടില്‍ താമസിക്കുന്ന സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണക്കമ്മലും പണവും തട്ടിയെടുത്ത കേസിലാണ് ഷെഫീക് പോലീസ് പിടിയിലായത്. കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജയിലില്‍ വെച്ച് അപസ്മരം വന്നതിനെ തുടന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

സ്വത്തുതട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഷെഫീഖിനെ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ ഇരിക്കെയാണ് മരണം.

ചൊവ്വാഴ്ച പുലര്‍ച്ചെ വട്ടകപ്പാറയ്ക്കു സമീപത്തെ വീട്ടില്‍ നിന്നാണു ഷെഫീക് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊണ്ടുപോയ സമയത്തും അതിനു ശേഷവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ലെന്ന് ഷെഫീഖിന്റെ പിതാവ് മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി പോലീസിനോടു ചോദിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ഏതു കേസിനാണെന്നു പോലും പറയാതെയാണ് കൊണ്ടുപോയതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ജയിലില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവന്നതും വൈകിയാണ് അറിയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

നെറുകയില്‍ വലിയ മുറിവും അടിവയറ്റിലും നടുവിന്റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്. പോലീസ് മര്‍ദനത്തിലാണ് മകന്‍ മരിച്ചതെന്നും പിതാവ് ഇസ്മയില്‍ പറഞ്ഞു. നിത്യരോഗിയാണ് ഷെഫീഖിന്റെ ഭാര്യയെന്നും ഇന്‍സ്റ്റാള്‍മെന്റ് വ്യാപാരം നടത്തിയായിരുന്നു മകന്റെ കുടുംബം ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നതെന്നും പിതാവ് പറഞ്ഞു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

ആളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ഷെഫീക്കിന്റെ മുഖത്തു പോലീസ് മര്‍ദനത്തിന്റെ പാടുകളുണ്ടെന്ന് സഹോദരന്‍ സമീറും ചൂണ്ടിക്കാട്ടി.

You May Also Like

Leave a Reply