Kanjirappally News

അതിദാരിദ്ര നിര്‍മ്മാര്‍ജനം മുഖ്യലക്ഷ്യം ; കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : സംസ്ഥാനത്ത് അതിദാരിദ്ര കുടുംബങ്ങള്‍ക്കായുളള മൈക്രോപ്ലാന്‍ തയ്യാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിനെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം പൂര്‍ത്തിയാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്താക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അറിയിച്ചു.

അതിദരിദ്ര കുടുംബങ്ങള്‍ക്ക് തുണയാകുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പരിധിയിലുളള അതിദാരിദ്ര കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി അതിദാരിദ്ര കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ്.

അതിദരിദ്ര കുടുംബങ്ങള്‍ക്ക് വീട്, വീട് മെയിന്‍റന്‍സ്, ചികില്‍സ സഹായം, ഭക്ഷണം, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം, പഠനസഹായം എന്നിങ്ങനെ വിവിധ പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും, ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നടപ്പിലാക്കുന്നതൊടൊപ്പം വിവിധ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ പുനര്‍ജനി എന്ന പേരിലാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജയശ്രീ ഗോപിദാസ്, വിമല ജോസഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീര്‍ ,രത്നമ്മ രവീന്ദ്രന്‍,റ്റി.ജെ മോഹനന്‍, ജൂബി അഷറഫ്, ജോഷി മംഗലം, കോരുത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റോംസ് കുര്യന്‍, മെമ്പര്‍ പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഫൈസല്‍.എസ്, എക്സ്റ്റഷന്‍ ഓഫീസര്‍ മാരായ രതീഷ് പി.ആര്‍,സുബി വി.എസ്, സി.ഡി.പി.ഒ അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.