Kuravilangad News

കല്ലഞ്ചിറ പാലം എം.എല്‍.എ ഉദ്ഘാടനം ചെയ്തു; ദീര്‍ഘകാലമായി നിലനിന്നിരുന്ന ജനകീയ ആവശ്യത്തിന്റെ സ്വപ്ന സാക്ഷാത്കാരം

കുറവിലങ്ങാട്: കാളികാവ് – കളത്തൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കല്ലഞ്ചിറ പാലത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു.

കല്ലഞ്ചിറയില്‍ പുതിയ പാലം നിര്‍മ്മിക്കണമെന്നുള്ളത് ദീര്‍ഘകാലമായി നിലനിന്നിരുന്ന ജനകീയാവശ്യമാണ്. സുരക്ഷിതമായ പാലം ഇല്ലാത്തത് മൂലം കൃഷിക്കാരും ഈ പ്രദേശത്തെ സ്ഥല വാസികളായ നൂറ് കണക്കിന് കുടുംബങ്ങളും വര്‍ഷങ്ങളായി കഷ്ടപ്പെടുന്ന ദുര:വസ്ഥയ്ക്കാണ് മോന്‍സ് ജോസഫ് എംഎല്‍എ യുടെ ഇടപെടലിനെ തുടര്‍ന്ന് ശാശ്വത പരിഹാരം ഉണ്ടായിരിക്കുന്നത്.

ജനകീയ ആവശ്യം കണക്കിലെടുത്ത് എംഎല്‍എ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ച് കൊണ്ടാണ് മോന്‍സ് ജോസഫ് എം.എല്‍.എ പാലം നിര്‍മ്മാണ വികസന പദ്ധതിക്ക് അനുമതി നല്‍കിയത്. 7 മീറ്റര്‍ നിളവും, 3.5 മീറ്റര്‍ വീതിയുമുള്ള പാലമാണ് നിര്‍മ്മിച്ചിട്ടുള്ളത്.

കോവിഡ് സാഹചര്യം മൂലമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് ലളിതമായ ഉദ്ഘാടന ചടങ്ങാണ് സംഘടിപ്പിച്ചതെങ്കിലും നാട്ടുകാരുടെ ആഹ്ലാദവും ആവേശകരമായ സഹകരണവും ഒരു സ്വപ്ന സാക്ഷാത്കാരമായിട്ടാണ് പ്രതിഫലിച്ചത്.

കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, ഉഴവൂര്‍ ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, തോമസ് കണ്ണന്തറ, ബേബി തൊണ്ടാംകുഴി, ടെസി സജീവ്, രമാ രാജു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ ശ്യാമള ലക്ഷ്മണന്‍, ടി.എസ്സ് രമാദേവി, സജി വട്ടമറ്റം, കെ.പി വിജയന്‍, പി.എന്‍ ശശിധരന്‍, റ്റി.എ ഹരികൃഷ്ണന്‍, സനോജ് മിറ്റത്താനി, പി.ജെ പ്രകാശ്, അസ്സി. എന്‍ജിനീയര്‍ സാം ജോര്‍ജ്, ലിജോ മൂലയില്‍, റെജീസ് കൊച്ചുതൊട്ടിയില്‍, തങ്കപ്പന്‍ നെടുംതൊട്ടിയില്‍, ജോയി പെരുമ്പംതടം എന്നിവര്‍ പ്രസംഗിച്ചു.

കല്ലഞ്ചിറ പാലത്തിന്റെ നിര്‍മ്മാണത്തിന് വേണ്ടി എംഎല്‍എ ഫണ്ട് ലഭ്യമാക്കാനും, ഏറ്റവും സജീവമായി പ്രവര്‍ത്തിച്ച കൊച്ചുതൊട്ടിയില്‍ കൊച്ചേട്ടന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

മൈനര്‍ ഇറിഗേഷന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. കല്ലഞ്ചിറ പാലം നിര്‍മ്മാണം വിവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് എല്ലാവരും ഒഴിഞ്ഞ് മാറിയപ്പോള്‍ കല്ലഞ്ചിറ പാലം നിര്‍മ്മാണം ഏറ്റെടുത്ത് നടപ്പാക്കാന്‍ തയ്യാറായ ഇറിഗേഷന്‍ കോണ്‍ട്രാക്ടര്‍ സുധീപ് മാത്യുവിനെ യോഗത്തില്‍ വെച്ച് എംഎല്‍എ അനുമോദിച്ചു.

Leave a Reply

Your email address will not be published.