മാണി സി കാപ്പന്റെ കരുതലില്‍ കളരിയാമ്മാക്കല്‍ പാലം യാഥാര്‍ത്ഥ്യമാക്കാന്‍ 13.39 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

പാലാ: അപ്രോച്ച് റോഡും തുടര്‍ റോഡും ഇല്ലാതെ അഞ്ചു വര്‍ഷം മുമ്പ് പണി പൂര്‍ത്തിയായ കളരിയാമ്മാക്കല്‍ പാലത്തിന് മാണി സി കാപ്പന്‍ എം എല്‍ എ യുടെ കരുതലില്‍ ശാപമോക്ഷമായി. പാലത്തിന് അപ്രോച്ച് റോഡും തുടര്‍ റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനുമായി 13.39 കോടി രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കി.

പാലാ ടൗണ്‍ റിംഗ് റോഡിനായി അനുവദിച്ചിട്ടുള്ള 45 കോടി രൂപയില്‍ ഒന്നാം ഘട്ട നിര്‍മ്മാണത്തിന് ശേഷം അവശേഷിക്കുന്ന തുകയാണ് ഈ ആവശ്യത്തിന് വിനിയോഗിക്കുന്നതെന്ന് അഡീഷണല്‍ സെക്രട്ടറി റീത്താ എസ് പ്രഭയുടെ ഉത്തരവില്‍ പറയുന്നു.

Advertisements

മീനച്ചില്‍ പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് ആക്കം കൂട്ടാന്‍ ഈ നടപടി ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മാണി സി കാപ്പന്‍ എം എല്‍ എ തെരഞ്ഞെടുപ്പ് കാലത്ത് പാലം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജനങ്ങള്‍ക്കു ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നു പാലാ നഗരസഭയിലെ കണ്‍സിലര്‍മാരും മീനച്ചില്‍ പഞ്ചായത്തിലെ പഞ്ചായത്തു മെമ്പര്‍മാരും ജനങ്ങളും ഈ ആവശ്യം യാഥാര്‍ത്ഥ്യമാക്കണമെന്ന് മാണി സി കാപ്പനു നിവേദനം നല്‍കിയിരുന്നു.

മാണി സി കാപ്പന്‍ പാലത്തിന്റെ അവസ്ഥ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുകയും തുടര്‍ന്നു ബന്ധപ്പെട്ട വകുപ്പുകളുമായി തിരുവനന്തപുരത്ത് നിരന്തരം ചര്‍ച്ച ചെയ്തു നടപടികള്‍ക്കു വേഗം കൂടി.

മീനച്ചില്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളെ പാലാ നഗരത്തോടു അടുപ്പിക്കാന്‍ കഴിയും വിധമാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്.

നഗരത്തിലേക്ക് എത്തുന്ന മുഴുവന്‍ പൊതുമരാമത്ത് റോഡുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ടൗണ്‍ റിങ് റോഡിന്റെ രണ്ടാംഘട്ടം പാലാ-പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാംമൈലില്‍നിന്ന് ആരംഭിച്ച് പാലാ-ഭരണങ്ങാനം റോഡിലെ കളരിയാമ്മാക്കല്‍ കടവ് പാലം വരെയുള്ളതാണ്. രണ്ടുകിലോമീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തിനുള്ളത്.

മീനച്ചിലാറിന് കുറുകെ കളരിയാമ്മാക്കല്‍ കടവില്‍ പാലം നിര്‍മാണം അഞ്ചു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പാലാ ഭാഗത്ത് അപ്രോച്ച് റോഡും മീനച്ചില്‍ ഭാഗത്ത് അപ്രോച്ച് റോഡും തുടര്‍ റോഡും ഇല്ലാതെ പാലം പൂര്‍ത്തിയാക്കിയതോടെ പ്രയോജനമില്ലാതെ കിടക്കുകയായിരുന്നു. നാട്ടുകാര്‍ അഞ്ചു വര്‍ഷത്തിനിടെ നിരവധി തവണ നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല.

മാണി സി കാപ്പന്‍ എം എല്‍ എ ആയപ്പോള്‍ മുന്‍ഗണനാക്രമത്തില്‍ എടുത്ത വിഷയങ്ങളില്‍ ഒന്നായിരുന്നു കളരിയാമ്മാക്കല്‍ പാലം. റോഡ് പൂര്‍ത്തീകരിക്കാനുള്ള സ്ഥലം ഏറ്റെടുക്കാന്‍ സ്ഥലമുടമകളുമായി ചര്‍ച്ചകള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.

പാലവുമായി ബന്ധപ്പെട്ട തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാ ആര്‍ ഡി ഒ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എം എല്‍ എ യുടെ സാന്നിദ്ധ്യത്തില്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നു സര്‍വ്വേയും നടത്തി.

അപ്രോച്ച് റോഡ് നിര്‍മ്മാണം, സ്ഥലം ഏറ്റെടുക്കല്‍ നടപടികകള്‍ എന്നിവ ഉടന്‍ ആരംഭിക്കുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു.

കളരിയാമ്മാക്കല്‍ പാലം യാഥാര്‍ത്ഥ്യമാക്കാന്‍ ക്രിയാത്മക നടപടി സ്വീകരിച്ച ഇടതു സര്‍ക്കാരിനെയും മാണി സി കാപ്പനെയും എന്‍ സി പി ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു.

പ്രസിഡന്റ് ജോഷി പുതുമന അദ്ധ്യക്ഷ വഹിച്ചു. എം പി കൃഷ്ണന്‍നായര്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, ജോസ് കുറ്റിയാനിമറ്റം, തോമസ് സ്രാമ്പിക്കല്‍, ബേബി ഈറ്റത്തോട്ട്, ടോം നല്ലനിരപ്പേല്‍, റോയി നാടുകാണി, സുബിന്‍ ഞാവള്ളില്‍, അപ്പച്ചന്‍ ചെമ്പന്‍കുളം എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply