മേലുകാവ്: മേലുകാവ് പഞ്ചായത്തിലെ കളപ്പുരപ്പാറയിൽ ഉണ്ടായ തീപിടുത്തത്തിലെ നാശനഷ്ടങ്ങളെ സംബന്ധിച്ച അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുന്നതിന് റവന്യൂ, കൃഷി വകുപ്പുകൾക്ക് മാണി സി കാപ്പൻ എം.എൽ.എ നിർദ്ദേശം നൽകി.
എം.എൽ.എ യുടെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലസന്ദർശിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അനുരാഗ് പാണ്ടിക്കാട്ട്, ഷൈനി ബേബി ബിൻസി ടോമി, റ്റി.വി ജോർജ്ജ്, എം.പി.കൃഷ്ണൻ നായർ, വില്ലേജ് ഓഫീസർ ഷൈനി എം. സെബാസ്റ്റ്യൻ, കൃഷി ഓഫീസർ ഐശ്വര്യ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഐക്കരക്കുന്നേൽ ജസ്റ്റിൻ പുല്ലാങ്കുളം, ജിജോ എന്നിവരുടെ ഉടമസ്ഥതയിലുള്ള 10 ഏക്കർ കൃഷിയിടമാണ് കത്തി നശിച്ചത്. റബ്ബർ, തെങ്ങ്,വാഴ,കപ്പ,ജലസേചനത്തിനായി ഉപയോഗിക്കുന്ന പൈപ്പുകൾ, കുടിവെള്ള ടാങ്കുകൾ എന്നിവയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കർഷകർക്ക് സർക്കാർ അടിയന്തിരമായി സഹായം ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടു.


പാലാ, ഈരാറ്റുപേട്ട എന്നവിടങ്ങളിലെ അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെ സമയോചിതമായ ഇടപെടലും കഠിന പരിശ്രമവും വൻ ദുരന്തം ഒഴിവാക്കുന്നതിന് സഹായിച്ചു. ഇവരെ എം. എൽ. എ അഭിന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. വേനൽ കടുത്ത സാഹചര്യത്തിൽ തീപിടുത്തത്തിനെതിരെ ജാഗ്രത പാലിക്കുകയും മുൻകരുതൽ എടുക്കുകയും ചെയ്യണമെന്ന് എം.എൽ.എ അറിയിച്ചു.