സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയുടെയും ബാങ്ക് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ കടനാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടത്തിയിരിക്കുന്ന വന്‍ തട്ടിപ്പ് നിക്ഷേപകരോടുള്ള വഞ്ചനയാണെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.നോബിള്‍ മാത്യു.
കൊടുമ്പിടിയില്‍ ചേര്‍ന്ന ബിജെപി പഞ്ചായത്ത് ഭാരവാഹിയോഗവും ബൂത്ത് കമ്മിറ്റിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുംദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
ബൂത്ത് പ്രസിഡന്റ് ശ്രീ പ്രസാദ് കരിവയല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ രണ്‍ജിത്ത് ജി. മീനാഭവന്‍ മുഖ്യപ്രഭാഷണം നടത്തി. കോവിഡ് കാലഘട്ടത്തില്‍ കൊടുമ്പിടി വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അദ്ദേഹം പറഞ്ഞു.
സ്വന്തക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായി നിയമനങ്ങള്‍ നടത്തുന്നത് വഴി കടനാട് സര്‍വ്വീസ് സഹകരണബാങ്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആയി പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് ആഴ്ച കൊണ്ട് നാല് കോടിയില്‍ അധികം രൂപ നിക്ഷേപകര്‍ പിന്‍വലിച്ചത് ബാങ്ക് ഭരണസമിതിയുടെ അറിവോടെയാണെന്നും ഇഷ്ടക്കാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നിക്ഷേപം സംരക്ഷിക്കാന്‍ നടത്തിയ ഗൂഡ നീക്കമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഷ്ടം നികത്താന്‍ സാധിക്കാത്ത വിധം തകര്‍ച്ചയില്‍ എത്തി നില്‍ക്കുന്ന ബാങ്കിനെയും ആയിരക്കണക്കിന് നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും സമ്പാദ്യം സംരക്ഷിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നന്ദകുമാര്‍ പാലക്കുഴ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ പക്ഷമോര്‍ച്ച ദേശീയ നിര്‍വാഹ സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ സുമിത് ജോര്‍ജിനെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശ്രീ സാം കുമാറിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
യുവമോര്‍ച്ച നിയോജക മണ്ഡലം ഉപാധ്യക്ഷന്‍ ശ്രീ സുധീഷ് നെല്ലിക്കന്‍ ഒബിസി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുന്ദര്‍ പുലിതൂക്കില്‍, പഞ്ചായത്ത് സെക്രട്ടറി, ശ്രീ ബിജു കൊല്ലപ്പള്ളി എസ്ടി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാജന്‍ കടനാട് തുടങ്ങിയവര്‍ സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19