സാമ്പത്തിക സംവരണം നടപ്പാക്കണം: ഇ.ഡബ്ല്യൂ.എസ്. ഫോറം

പാലാ: പ്രൈമറി – ഹൈസ്‌കൂള്‍ തല അധ്യാപക യോഗ്യതാ പരീക്ഷയായ കെ- ടെറ്റ് നു തങ്ങള്‍ക്ക് അവകാശപ്പെട്ട മാര്‍ക്ക് ഇളവ് ലഭിക്കണമെന്ന് ഇ.ഡബ്ല്യൂ.എസ്. കൂട്ടായ്മ ആവശ്യപ്പെട്ടു. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണമാണ് ഇക്കണോമിക്കലി വീക്കര്‍ സെഷന്‍ എന്ന ഇ.ഡബ്യു.എസ് (EWS) സംവരണം.

കെ- ടെറ്റ് പരീക്ഷയില്‍ ഇ.ഡബ്ല്യൂ.എസ്. സംവരണം ലഭിക്കാതെ പുറത്തായ അര്‍ഹതയുള്ള അനേകം അധ്യാപകരും അധ്യാപക വിദ്യാര്‍ത്ഥികളും ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ 2019 ജനുവരിയില്‍ സാമ്പത്തിക സംവരണത്തിന്റെ ഉത്തരവ് പുറത്തിറക്കിയെങ്കിലും സംസ്ഥാനത്ത് അത് പ്രാബല്യത്തിലാക്കിയത് 2020 ജനുവരി മൂന്നിനാണ്.

അതനുസരിച്ച് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ സര്‍ക്കാരിന്റെ സംവരണ മേഖലകളില്‍ 10% സംവരണത്തിന് അര്‍ഹരാണ്. കെ- ടെറ്റ് പോലുള്ള മത്സര പരീക്ഷകള്‍ക്ക് 5% മാര്‍ക്ക് ഇളവിനും അര്‍ഹരാണ്.

കേരള സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയതിന് ശേഷമാണ് കഴിഞ്ഞ കെ ടെറ്റ് പരീക്ഷ നടന്നത്. എന്നാല്‍ ഇ.ഡബ്ല്യൂ.എസ്.നെക്കുറിച്ച് ഭൂരിഭാഗം ആളുകളും അജ്ഞരും, അതെക്കുറിച്ച് അറിയിക്കേണ്ട ഉദ്യോഗസ്ഥവൃന്ദം നിസംഗരും ആയിരുന്നു.

തങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന സംവരണം നിക്ഷിപ്ത താല്‍പര്യക്കാര്‍ നിര്‍വീര്യമാക്കാതെ അത് ലഭിക്കാന്‍ ഇതില്‍ യോഗ്യരായവര്‍ ചേര്‍ന്ന് ഇ.ഡബ്ല്യൂ.എസ്. കൂട്ടായ്മ എന്ന സംഘടന രൂപീകരിക്കുകയും വേണ്ടപ്പെട്ട അധികാരികളെ വിവരം അറിയിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ ഇതിന് ഉത്തരവാദിത്വപ്പെട്ടവര്‍ ഇത് ഗൗരവമായി പരിഗണിക്കുകയോ മറുപടി നല്‍കുകയോ ചെയ്തിട്ടില്ല. പരീക്ഷാഭവനുമായി ബന്ധപ്പെട്ടു നോക്കിയെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നിര്‍ദ്ദേശം നല്‍കാതെ ഒന്നും ചെയ്യാന്‍ സാധിക്കാതെ കൈ മലര്‍ത്തുകയാണ്. അതിനാല്‍ നിസാര മാര്‍ക്കിന് കെ- ടെറ്റ് ലഭിക്കാതെ പോയ നിരവധി പരീക്ഷാര്‍ത്ഥികള്‍ ആശങ്കയിലാണ്.

സംസ്ഥാനത്തെ പ്ലസ് വണ്‍, നഴ്സിങ്, മറ്റു പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കാത്തത് വിവാദമായിരിക്കുകയാണ്. അതോടൊപ്പം കെ- ടെറ്റ് പരീക്ഷയിലെ നീതി നിഷേധവും ഇപ്പോള്‍ ചര്‍ച്ചയാവുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

join group new

Leave a Reply

%d bloggers like this: