General News

ക്രൈസ്തവരിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ്‍സിയിൽ സംവരണം കൂട്ടണം: ജെ ബി കോശി കമ്മീഷൻ

ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ്‍സി നിയമനങ്ങളിൽ കൂടുതൽ സംവരണം വേണമെന്ന് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശ. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച കമ്മീഷൻ ഇന്ന് സർക്കാറിന് റിപ്പോർട്ട് നൽകും. ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ സ്കോളർഷിപ്പിൽ കമ്മീഷൻ മാറ്റങ്ങൾ നിർദ്ദേശിക്കുന്നില്ല.

ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് 80:20 എന്ന നിലയിൽ മുസ്ലീം വിഭാഗങ്ങൾ കയ്യടക്കുന്നുവെന്ന വലിയ പരാതിയും പ്രതിഷേധവും ക്രൈസ്തവ വിഭാഗം ഉയർത്തിയതിനിടെയായിരുന്നു രണ്ട് വർഷം മുമ്പ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ സർക്കാർ നിയോഗിച്ചത്.

80-20 റദ്ദാക്കി സ്കോളർഷിപ്പ് വിതരണം ജനസംഖ്യാനുപാതത്തിൽ വേണമെന്ന ഹൈക്കോടതി ഉത്തരവ് സർക്കാർ നടപ്പാക്കി. പക്ഷെ മുസ്ലീം വിഭാഗത്തിൻറെ കടുത്ത എതിർപ്പ് മൂലം സംസ്ഥാന സർക്കാർ തന്നെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്കോളർഷിപ്പ് കോടതി പരിഗണനയിലായതിനാൽ അതിൽ ജെ ബി കോശി കമ്മീഷൻ കാര്യമായി ഇടപെടുന്നില്ല. ഹൈക്കോടതി ഉത്തരവ് മറികടന്നുള്ള ശുപാർശയില്ല, സുപ്രീം കോടതിയുടെ അന്തിമനിലപാട് അനുസരിച്ച് തുടർ നടപടി എന്നതാണ് കമ്മീഷൻറെ നിലപാട്.

ഹൈക്കോടതി വിധി അനുകൂലമായതിനാൽ സ്കോളർഷിപ്പിൽ കൂടുതൽ പരാതികൾ കമ്മീഷന് കിട്ടിയിരുന്നില്ല. എന്നാൽ പരാതികൾ ഏറ്റവും കൂടുതൽ ലഭിച്ചത് നിയമനങ്ങളിലായിരിക്കെ അതിലാണ് കമ്മീഷൻറ പ്രധാന ശുപാർശ. നിയമന റൊട്ടേഷൻ പ്രകാരം പരിവർത്തിത ക്രൈസ്തവർ പിന്തള്ളപ്പെടുന്നുവെന്നാണ് പ്രധാന പരാതി. ഇവർക്കും ക്രൈസ്തവ സമുദായത്തിലെ പിന്നോക്കക്കാർക്കും പി എസ് സി നിയമനങ്ങളിൽ സംവരണം കൂട്ടണമെന്നാണ് ശുപാർശ.

Leave a Reply

Your email address will not be published.