പി.ജെ.ജോസഫ് നടത്തുന്നത് കോടതിയലക്ഷ്യവും മനുഷ്യാവകാശ ലംഘനവും; ജോസഫ് ചാമക്കാല

പാലാ: കോവിഡ് 19 രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ കേരള ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് എം ന്റെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളോട് സമരാഹ്വാനം നടത്തുന്ന പി ജെ ജോസഫ് കോടതിയലക്ഷ്യവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ് നടത്തുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല.

യുഡിഎഫില്‍ നിന്നും പുറത്താക്കിയിട്ടും, ജോസ് കെ മാണിക്ക് ഒപ്പം നില്‍ക്കുന്ന കേരള കോണ്‍ഗ്രസ്(എം)ന്റെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് പി. ജെ ജോസഫ് വ്യാപകമായി കത്തുകളയച്ചു സമരത്തിന് ആഹ്വാനം നല്‍കുകയും പങ്കെടുക്കണമെന്ന് നിര്‍ബന്ധം പിടിച്ചു കൊണ്ടിരിക്കുകയുമാണ്.

ഒന്നര വര്‍ഷക്കാലം കേരള കോണ്‍ഗ്രസ് പാര്‍ട്ടി യുഡിഎഫില്‍ നിന്നും വിട്ടുനിന്ന സമയത്ത്, യുഡിഎഫിന്റെ യാതൊരുവിധ പരിപാടികളിലും പങ്കെടുക്കാതിരുന്ന പി ജെ ജോസഫിന്, യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട ജനപ്രതിനിധികളോട് യുഡിഎഫ് സമരത്തില്‍ പങ്കെടുക്കണമെന്ന് പറയുവാനുള്ള എന്ത് ധാര്‍മികതയാണ് ഉള്ളതെന്നും ജോസഫ് ചാമക്കാല ചോദിച്ചു.

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 31 വരെ എല്ലാവിധ സമരങ്ങളും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിരോധിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതും നിര്‍ബന്ധിക്കുന്നതും പങ്കെടുക്കുന്നതും കുറ്റകരമാണ്.

ആയതിനാല്‍ തന്നെ പി.ജെ ജോസഫിന്റെ കത്ത് ജോസ് കെ മാണിക്കൊപ്പം നില്‍ക്കുന്ന ഭൂരിപക്ഷം വരുന്ന ജനപ്രതിനിധികളെ ദുരന്തനിവാരണ നിയമപ്രകാരം കേസില്‍ പെടുത്തുവാനുള്ള ഗൂഢനീക്കത്തിന്റെ തെളിവാണെന്നും ജോസഫ് ചാമക്കാല പറഞ്ഞു.

കൂടാതെ താന്‍ ഇപ്പോഴും പാര്‍ട്ടി ചെയര്‍മാന്റെ ചുമതല വഹിക്കുകയാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ജനപ്രതിനിധി കളെ ഭീഷണിപ്പെടുത്താനും ആണ് ജോസഫ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് പരിശ്രമിക്കുന്നത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി ചിഹ്നവും വിപ്പ് നല്‍കാനുള്ള അധികാരവും മരവിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി പിളര്‍പ്പിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച പഞ്ചായത്തംഗങ്ങള്‍ക്ക് വരെ ജോസഫ് നോട്ടീസ് അയച്ചിട്ടുണ്ട്. പാര്‍ട്ടിക്കാര്‍ ആരൊക്കെയാണെന്ന് തിരിച്ചറിവ് പോലുമില്ലാതെ ആരുടെയോ പ്രേരണയ്ക്ക് വഴങ്ങി വിഡ്ഢി വേഷം കിട്ടുകയാണ് ജോസഫെന്നും ജോസഫ് ചാമക്കാല കുറ്റപ്പെടുത്തി.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: