13 സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി; ഇടതു മുന്നണിയില്‍ മൂന്നു സീറ്റുകളെ ചൊല്ലി തര്‍ക്കം?

പാലാ: യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തെത്തിയ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം 13 സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് സൂചന.

കഴിഞ്ഞ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം മല്‍സരിച്ചത്. ഇത്രയും സീറ്റുകള്‍ തന്നെ കിട്ടിയില്ലെങ്കിലും കുറഞ്ഞത് 13 സീറ്റുകളെങ്കിലും നല്‍കണമെന്നും ജോസ് കെ മാണിയും കൂട്ടരും ആവശ്യപ്പെടുന്നു.

മലബാറിലെ മൂന്ന് ജില്ലകളില്‍ ഓരോ സീറ്റ് വീതം ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോസ് കെ മാണി സഖ്യത്തിലൂടെ യുഡിഎഫ് കോട്ടയെന്നു മുദ്ര കുത്തപ്പെട്ടിരുന്ന കോട്ടയത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടം കണക്കിലെടുത്താണ് ജോസ് കെ മാണിയുടെ അവകാശവാദം.

കോട്ടയം ജില്ലയിലെ പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി, ഏറ്റുമാനൂര്‍ അടക്കം ആറു മണ്ഡലങ്ങളാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനു പുറമെ പത്തനംതിട്ട ജില്ലയിലെ റാന്നി, തിരുവല്ല മണ്‍ഡലങ്ങളും, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ഇടുക്കി ജില്ലയിലെ ഇടുക്കി, എറണാകുളം ജില്ലയിലെ പിറവം, കോതമംഗലം എന്നിവയില്‍ ഏതെങ്കിലും ഒന്ന്, കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര, കുറ്റ്യാടി, തിരുവമ്പാടി എന്നിവയില്‍ ഒന്ന്, കണ്ണൂരിലെ ഇരിക്കൂര്‍, പാലക്കാട്ടെ ആലത്തൂര്‍ എന്നീ മണ്ഡലങ്ങളുമാണ് ജോസ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.

തളിപ്പറമ്പ്, പേരാമ്പ്ര, ആലത്തൂര്‍, ഇരിങ്ങാലക്കുട, കോതമംഗലം, കുട്ടനാട്, തിരുവല്ല, ഇടുക്കി, തൊടുപുഴ, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പാലാ അടക്കം 15 സീറ്റുകളിലാണ് 2016ല്‍ കേരള കോണ്‍ഗ്രസ് എം മല്‍സരിച്ചത്.

മലബാറില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍ മൂന്ന് സീറ്റുകളും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ആലത്തൂര്‍, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കുറ്റ്യാടി, തിരുവമ്പാടി എന്നിവയില്‍ ഒന്ന്, കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാലക്കാട് കഴിഞ്ഞ തവണ മല്‍സരിച്ച ആലത്തൂര്‍ തന്നെ വേണമെന്ന് ആവശ്യം ഉന്നയിച്ചപ്പോള്‍ കണ്ണൂരില്‍ തളിപ്പറമ്പ് വിട്ട് ഇരിക്കൂര്‍ മതിയെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്. തളിപ്പറമ്പ് സിപിഎമ്മിന് സാധ്യതയുള്ള മണ്ഡലമായതിനാലാണിത്.

സിപിഎം വഴങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. ഒപ്പം എന്‍സിപി, സിപിഐ അടക്കമുളള മറ്റ് എല്‍ഡിഎഫ് ഘടകകക്ഷികളുടെ അഭിപ്രായവും നിര്‍ണായകമാകും.

പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ തറപ്പിച്ചുപറയുന്നതും സിപിഎമ്മിനെ ചിന്തിപ്പിക്കും. പാലായില്‍ ജോസ് കെ മാണിയെ മല്‍സരിപ്പിച്ച് മറ്റേതെങ്കിലും സീറ്റ് എന്‍സിപിക്കു നല്‍കാനും ആലോചനയുണ്ട്.

ചുരുക്കത്തില്‍ പാലാ സീറ്റില്‍ ഉടക്കിയിരിക്കുകയാണ് എന്‍സിപി. പാലായ്ക്കു പുറമെ കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, റാന്നി, തിരുവല്ല സീറ്റുകളിലും മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നു.

ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് 10 സീറ്റ് നല്‍കിയാല്‍ മതി എന്നാണ് ഇടതുപക്ഷ ക്യാമ്പിലെ ചര്‍ച്ചകള്‍. ജോസ് പക്ഷം ഇതംഗീകരിക്കാന്‍ സാധ്യത കുറവാണ്. ഇതോടെ തര്‍ക്കം രൂക്ഷമാകും. പ്രത്യേകിച്ചും മൂന്നു സീറ്റുകളില്‍.

രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസ് എമ്മിനു തന്നെ നല്‍കാമെന്ന് സിപിഎം കേന്ദ്രങ്ങള്‍ സമ്മതിച്ചതായാണ് വിവരം. എന്തായാലും മറ്റു സഖ്യ കക്ഷികളുടെ എതിര്‍പ്പു പരിഗണിക്കാതെ എല്‍ഡിഎഫിന് സീറ്റു വിഭജനം നടത്താനാവില്ലെന്ന് ഉറപ്പാണ്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply