കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് ചിഹ്നവും അംഗീകാരവും സംബന്ധിച്ച് പി.ജെ ജോസഫിന്റെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരുന്നതാണെന്ന് ചെയര്മാന് ജോസ് കെ.മാണി.
ഓരോ കേരളാ കോണ്ഗ്രസ്സുകാരന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിധി ആത്യന്തികമായി സത്യവും നീതിയും വിജയിക്കും എന്ന് തെളിയിക്കുന്നതാണ്.
കേരള കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തെയും, മാണി സാര്‍ കെട്ടിപ്പടുത്ത രാഷ്ട്രീയത്തെയും ശിഥിലമാക്കാന്‍ ഗൂഡാലോചന നടത്തിയ എല്ലാ ശക്തികള്‍ക്കുമുള്ള തിരിച്ചടിയാണ് ഈ വിധി.

തദ്ദേശ തെരെഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ന് ഉജ്ജ്വല വിജയം നല്കിയ ജനങ്ങള്‍ യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ്സ് ഏതാണ് എന്ന് സംബന്ധിച്ച ജനകീയ വിധി മുമ്പ് തന്നെ പുറപ്പെടുവിച്ചു. ഇപ്പോള്‍ ആ സത്യവും നീതിയും നിയമസംവിധാനവും അംഗീകരിച്ചു എന്നതില്‍ സന്തോഷമുണ്ട്.
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേരും രണ്ടില ചിഹ്നവും സംബന്ധിച്ച വിധി പുറപ്പെടുവിച്ചിട്ടും ആ വിധി അംഗീകരിക്കാതെ തദ്ദേശതെരെഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ നിയമകുരുക്കുകള് സൃഷ്ടിക്കാനാണ് ജോസഫ് വിഭാഗം ശ്രമിച്ചത്.
കേരളാ കോണ്‍ഗ്രസ്സിന്റെ അന്ത്യം ആഗ്രഹിച്ച ശക്തികളുടെ ഉപകരണമായി സ്വയം മാറിയ ജോസഫ് വിഭാഗത്തിന്റെ സമ്പൂര്‍ണ്ണമായ രാഷ്ട്രീയ പതനത്തിന് ഈ വിധി വഴിതെളിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.