Pala News

അപൂര്‍വ ക്യാമറാശേഖരത്തിന്റെ ഉടമ ജയ്‌സണ്‍ പാലാ അന്തരിച്ചു

കോട്ടയം: പാലായിലെ ക്യാമറ മ്യൂസിയത്തിന്റെ സ്ഥാപകനും അപൂര്‍വ ക്യാമറാ ശേഖരത്തിന്റെ ഉടമയുമായ ജയ്‌സണ്‍ പാലാ അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗത്തെതുടര്‍ന്നാണ് മരണം.

ക്യാമറകളെ ഏറെ സ്‌നേഹിച്ചിരുന്ന ജയ്‌സന്റെ ആഗ്രഹം ക്യാമറകള്‍ക്ക് വേണ്ടി ഒരു കാഴ്ച ബംഗ്ലാവ് തന്നെ തീര്‍ക്കുക എന്നതായിരുന്നു. പക്ഷേ അത് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാതെയാണ് അദ്ദേഹം വിടവാങ്ങുന്നത്.

ഒരു നൂറ്റാണ്ടു പഴക്കമുള്ള ആയിരത്തിലേറെ ക്യാമറകളുടെ ഒരു അപൂര്‍വ ശേഖരം ജയ്‌സന്റെ പക്കലുണ്ട്. ക്യാമറകളെക്കുറിച്ച് പഠിക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും അവിടെ കടന്നു ചെല്ലാം.

ഹോമായ് വ്യാരവല്ല ഉപയോഗിച്ചിരുന്നതുപോലെയുള്ള ക്രണ്‍ ഗ്രാഫിക്‌സ് ക്യാമറയും ബള്‍ബ് ഫിറ്റു ചെയ്യുന്ന ഫ്‌ളാഷും ഉള്‍പ്പെടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാരാളം ക്യാമറകളും, ലെന്‍സും അദ്ദേഹത്തിന്റെ ശേഖരത്തിലുള്‍പ്പെടുന്നു.

ക്രണ്‍ഗ്രാഫിക്സ് ക്യാമറ, ലിന്‍ഫേള്‍ ക്യാമറകള്‍, ബോക്‌സ് ക്യാമറകള്‍, ഫീല്‍ഡ് ക്യാമറകള്‍, ഫോള്‍ഡറിംഗ് ക്യാമറകള്‍, 35 എം.എം. ഫിലിമില്‍ 70 പിക്‌ചേഴ്‌സ് എടുക്കാവുന്ന ഒളിമ്പസ് പെന്‍ ക്യാമറ, കീവ് 120 എസ്എന്‍ ആര്‍, മാമിയ 120 എസ്എല്‍ആര്‍, റോളിഫ്‌ളക്‌സ് ടി.എല്‍ ആര്‍, റോളികോഡ് ടിഎല്‍ആര്‍, നിക്കോണ്‍ എഫ്-4, വിവിധതരം 110 ഫിലിം ക്യാമറകള്‍, ഫോട്ടോ
എടുത്താല്‍ ഉടന്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ ലഭിക്കുന്ന പോളറോയ്ഡ് ക്യാമറകള്‍, ബള്‍ബ് ഉപയോഗിച്ചുള്ള ഫ്‌ളാഷുകള്‍, പണ്ടുകാലത്തെ സിനിമ ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്ന ക്യാമറകള്‍ ടി.എല്‍.ആറും, എസ്എല്‍ആറും അടക്കമുള്ള പഴയ ക്യാമറകള്‍ മാത്രമല്ല ആധുനിക ക്യാമറകളുടെയും അപൂര്‍വ ശേഖരം ജയ്‌സണ്‍ പാലായുടെ കൈവശമുണ്ടായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഒരു ക്യാമറ മ്യൂസിയം തുടങ്ങുക എന്നും ഫോട്ടോഗ്രാഫിയുടെ ആദ്യകാല ചരിത്രം മുതല്‍ ഇന്നുവരെയുള്ള അനുഭവങ്ങളും വെളിപ്പെടുത്തുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നതും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published.