കോട്ടയം ജില്ലയില്‍ പരേഡില്ലാതെ സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി പി. തിലോത്തമന്‍ പതാക ഉയര്‍ത്തും, പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല

കോട്ടയം ജില്ലാതല സ്വാതന്ത്യദിനാഘോഷം രാവിലെ ഒന്‍പതിന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും.

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ചടങ്ങില്‍ പോലീസിന്റെ രണ്ടു പ്ലറ്റൂണുകളും വനം വകുപ്പിന്റെയും എക്‌സൈസിന്റെയും ഓരോ പ്ലറ്റൂണുകളും മാത്രമാണ് പങ്കെടുക്കുക.

പരേഡ് ഉണ്ടാവില്ല. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട് നടത്തും. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അഭിവാദ്യം സ്വീകരിക്കും. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല.

കോവിഡ് പ്രതിരോധ-ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികളും രോഗമുക്തരായവരും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.

രോഗത്തിന്റെ സമ്പര്‍ക്ക വ്യാപനത്തിനെതിരെ ജില്ലാ ഭരണകൂടം നടത്തുന്ന ബോധവത്കരണ പരിപാടി കരം തൊടാത്ത കരുതലിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോകള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ദേശഭക്തിഗാനം ആലപിക്കുക.

സംസ്ഥാന പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ആഘോഷത്തില്‍ പരമാവധി നൂറു പേരെ മാത്രമാണ് പങ്കെടുപ്പിക്കുക. സാമൂഹിക അകലവും മാസ്‌കിന്റെ ഉപയോഗവും സാനിറ്റൈസേഷനും ഉറപ്പാക്കും.

പങ്കെടുക്കുന്ന എല്ലാവരെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സ്വാതന്ത്ര്യ ദിനാഘോഷം.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply