Tuesday, July 27, 2021
HomeMain Newsവേദനകളില്ലാത്ത ലോകത്തേക്ക് കുഞ്ഞ് ഇമ്രാന്‍ യാത്രയായി

വേദനകളില്ലാത്ത ലോകത്തേക്ക് കുഞ്ഞ് ഇമ്രാന്‍ യാത്രയായി

മലപ്പുറം: 18 കോടിയുടെ മരുന്നിന് കാത്തു നില്‍ക്കാതെ കുഞ്ഞ് ഇമ്രാന്‍ യാത്രയായി. അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുഞ്ഞ് ബാലന്‍ ഇമ്രാന്‍ മരിച്ചു.

മലപ്പുറം അങ്ങാടിപ്പുറം വലമ്പൂര്‍ ആരിഫിന്റെ മകനായ ഇമ്രാന്റെ രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിന് 18 കോടി രൂപ ആവശ്യമായിരുന്നു.

നാലു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു കേന്ദ്രത്തിലെ വെന്റിലേറ്ററില്‍ ആയിരുന്ന ഇമ്രാനെ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ 18 കോടി രൂപ ചെലവു വരുന്ന സോള്‍ഗെന്‍ എസ്മയെന്ന മരുന്നു വേണമായിരുന്നു.

ഇമ്രാന്റെ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞത്തില്‍ ലോകം കൈകോര്‍ത്തപ്പോള്‍ പതിനാറര കോടി രൂപയോളം സമാഹരിക്കാനായി.

പ്രസവിച്ച് 17 ദിവസം കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ഇമ്രാന്റെ ചികിത്സ. ആരിഫിന്റെയും മറിയുമ്മയുടെയും മൂന്നാമത്തെ കുട്ടിയാണ് ഇമ്രാന്‍.

രണ്ടാമത്തെ പെണ്‍കുട്ടി ലിയാന ഇതേ രോഗം ബാധിച്ച് പ്രസവിച്ച് 72 ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചിരുന്നു. ഇമ്രാനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പിതാവ് ആരിഫ്.

മരുന്നിനുള്ള ഭീമമായ തുക സ്വന്തം നിലയില്‍ കണ്ടെത്താനാവാതെ വന്നപ്പോള്‍ സഹായം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ശരീരത്തിലെ പേശികള്‍ ശോഷിക്കുന്ന എസ്എംഎ എന്ന അപൂര്‍വ രോഗമാണ് ഇമ്രാനെ ബാധിച്ചത്. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗം കുട്ടിയില്‍ കണ്ടെത്തിയിരുന്നു.

കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആരിഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.

എന്നാല്‍ ഇതിനൊന്നും കാത്തുനില്‍ക്കാതെയാണ് കുഞ്ഞ് ഇമ്രാന്‍ വേദനകളില്ലാത്ത ലോകത്തിലേക്ക് യാത്രയായിരിക്കുന്നത്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments