പാലാ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ശാഖയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് 6.30 നു പാലാ തൊടുപുഴ റോഡിൽ ഇളംന്തോട്ടം പള്ളിക്കു സമീപം നിർമ്മിച്ച കെട്ടിട സമുച്ചയം ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നുഹു ഉദ്ഘാടനം ചെയ്യും.
ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, ഐ എം എ നിയുക്ത അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ആർ വി അശോകൻ, ഐ എം എ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ.ജോസഫ് മാണി, ഐ എം എ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ റോയ് എബ്രാഹാം കള്ളിവയലിൽ, മുൻ ഐ എം എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സിറിയക് തോമസ്,, പാലാ ഐ എം എ സെക്രട്ടറി ഡോ. എബി ചാക്കോ, ഡോ.അലക്സ് ബേബി, ചലച്ചിത്ര താരം മിയ ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

യോഗത്തിൽ ഐ എം എ പാലാ യൂണിറ്റ് പ്രസിഡന്റ് ഡോ ജോസ് കുരുവിള കോക്കാട്ട് അധ്യക്ഷത വഹിക്കും. തുടർന്നു പാലാ ഐ. എം. എ യിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഉണ്ടായിരിക്കും. പാലാ ഐ. എം. എ യുടെ പുതിയ പ്രസിഡന്റായി ഡോ.പ്രദീപ് മാത്യു അധികാരമേൽക്കുന്നതാണ്.
ഡോക്ടർമാർക്ക് വേണ്ടിയുള്ള തുടർ വിദ്യാഭ്യാസ പരിപാടികൾക്കും, മെഡിക്കൽ ക്യാമ്പുകൾക്കും, ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളെ പറ്റിയുള്ള ചർച്ചകൾക്കും ഉതകുന്ന രീതിയിൽ 300 ആളുകൾക്കു ഇരിക്കാവുന്ന ഹാളും അനുബന്ധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്.