ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ഇലവീഴാപൂഞ്ചിറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 19-ാം തീയതി വൈകുന്നേരം നാലു മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവ്വഹിക്കും.
പെരിങ്ങാലി ജംഗ്ഷനിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗം അഡ്വ.ഷോൺ ജോർജ് അധ്യക്ഷത വഹിക്കും. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ്.സി. വടക്കേൽ മുഖ്യപ്രഭാഷണം നടത്തും.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം മറിയാമ്മ ഫെർണാണ്ടസ് മുഖ്യാഥിതിയായി പങ്കെടുക്കും. മേലുകാവ് ഗ്രാമപഞ്ചായത്ത് അംഗം ഷീബാമോൾ ജോസഫ് ചടങ്ങിന് സ്വാഗതം ആശംസിക്കും.

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശവും ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശവുമായ മേലുകാവ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഇലവീഴാപൂഞ്ചിറയോട് ചേർന്ന് കിടക്കുന്ന 153 കുടുംബങ്ങൾക്കാണ് പ്രസ്തുത കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
പൂർണ്ണമായും വൈദ്യുതി ഉപയോഗിക്കാതെ ഇലവീഴാപുഞ്ചിറയിലെ ശുദ്ധജല തടാകത്തിൽ നിന്നും ഗ്രാവിറ്റി ഫ്ലോയിലൂടെ 14 മേഖലകളിലായി സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളിലേയ്ക്ക് വെള്ളമെത്തിച്ച് അവിടെനിന്ന് ജലവിതരണം നടത്തുന്ന രീതിയിൽ അഡ്വ. ഷോൺ ജോർജ് വിഭാവനം ചെയ്ത പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.