
ഈരാറ്റുപേട്ട: നഗരസഭയിലെ കാരയ്ക്കാട് നിവാസികൾക്കും മീനച്ചിലാറിൻ്റെ മറുകരയിലുള്ള തലപ്പലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും തമ്മിൽ ബന്ധപ്പെടാൻ ആകെയുള്ള മാർഗ്ഗം രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു. ഇത് കഴിഞ്ഞ വർഷം ഉണ്ടായ മലവെള്ളപ്പാച്ചിൽ തകർന്നു. തകർന്നതിന് ശേഷം മന്ത്രിമാരടക്കം ഈ പ്രദേശത്ത് വന്ന് പുതിയ പാലം നിർമ്മിച്ച് തരാമെന്ന് ഉറപ്പ് നൽകീയിരുന്നു. എന്നാൽ ഈ ഉറപ്പ് അധികൃതർ മറന്നു.
പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസടക്കം ജനപ്രതിനിധികൾക്ക് നാട്ടുകാരും വിദ്യാർത്ഥികളും നിവേദനം നൽകീയിരുന്നു. ഇതൊന്നും ഇതുവരെയും ഫലം കണ്ടില്ല. 2000 ലാണ് കോട്ടയം ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ പാലം പണിതത്. ഇളപ്പുങ്കൽ പാലാ നിയോജക മണ്ഡലത്തിലും കാരയ്ക്കാട് പൂഞ്ഞാർ നിയോജക മണ്ഡലത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.
കാരക്കാട് സ്കൂളിലേക്കും, അടുത്തുള്ള അംഗൻവാടിയിലേക്കും പോകണമെങ്കിൽ ഇളപ്പുങ്കൽ നിവാസികളായ ഇരുനൂറോളം കുട്ടികൾക്ക് ഏഴ് കിലോമീറ്ററോളം സഞ്ചരിച്ചു സ്കൂളിൽ എത്തേണ്ട സാഹചര്യമാണ് ഇപ്പോൾനിലവിലുള്ളത്.
പത്ത് വർഷമായിപ്രദേശവാസികളായ ജനങ്ങളുടെ ആവിശ്യമാണ് വാഹനസഞ്ചാരമുള്ള ഒരു പാലം ഇവിടെ നിർമ്മിക്കുകയെന്നുളളത്. ഇത് അവഗണിക്കപ്പെട്ടു. തകർന്നപ്പാലത്തിന് പകരം ഗതാഗത യോഗ്യമായ പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.