Kanjirappally News

കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് ഷിഹാബിന് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

പൊതുജനങ്ങൾക്ക് മുന്നിൽ കേരള പൊലീസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് സസ്പെൻഷൻ ഓ‍ര്‍ഡറിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിൻ്റെ ഉത്തരവിൽ പറയുന്നു. മാമ്പഴം മോഷ്ടിച്ച ദൃശ്യങ്ങൾ പുറത്തു വരികയും പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോയിരുന്നു.

സെപ്തംബര്‍ മുപ്പത് ഞായറാഴ്ച പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷണം പോയത്. മോഷണത്തിൻ്റ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിരുന്നത്.

ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങുന്നതിനിടെ ആണ് പൊലീസുകാരൻ കടയ്ക്ക് പുറത്ത് വച്ച മാമ്പഴം അടിച്ചു മാറ്റിയത്. പുലര്‍ച്ചെ നാല് മണിയോടെ കടയ്ക്ക് മുന്നിലെത്തിയ ഷിഹാബ് പത്ത് കിലോയോളം മാങ്ങ എടുത്തു പോകുകയായിരുന്നു.

വഴിയിരകിൽ പ്രവ‍ര്‍ത്തിക്കുന്ന കടയിലേക്ക് എത്തിയ പൊലീസുകാരൻ പരിസരത്തൊന്നും ആരുമില്ല എന്നൊന്നും ഉറപ്പാക്കിയ ശേഷമാണ് ആറായിരം രൂപയോളം വിലയുള്ള മാമ്പഴം എടുത്തത്. എന്നാൽ കടയുടെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടിരുന്നില്ല.

ജനറൽ ആശുപത്രിയിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൊലീസുകാരൻ എന്നാണ് വിവരം. പൊലീസ് യൂണിഫോമിൽ എത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്നതാണ് കൗതുകം.

Leave a Reply

Your email address will not be published.