General News

ഇടുക്കി ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; വിവാഹം, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രം, നിയന്ത്രണങ്ങള്‍ ഇങ്ങനെ

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഇനിയും ശക്തമാക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ഈ തീരുമാനം.

സി, ഡി. കാറ്റഗറിയില്‍ വരുന്ന ഇടങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ കുറവുള്ള എ, ബി കാറ്റഗറിയില്‍പ്പെടുന്ന ഇടങ്ങളില്‍ തിരക്ക് വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്നലെ വരെ 15 ഗ്രാമപഞ്ചായത്തുകള്‍ സി, ഡി കാറ്റഗറിയില്‍ വന്നിട്ടുണ്ട്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ വളരെയധികം ആളുകള്‍ പങ്കെടുക്കുന്നത് അനുവദിക്കാനാവില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇവയില്‍ 20 പേരെ മാത്രമേ പങ്കെടുക്കാന്‍ അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ വിവിധ സമയങ്ങളിലായി 20 പേരെ വീതം പങ്കെടുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

വരുംദിനങ്ങളില്‍ വിവിധ പ്രവേശന പരീക്ഷകള്‍ നടക്കാനിരിക്കുകയാണ്. അതിനാല്‍ അവയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കോവിഡ് ചട്ടങ്ങള്‍ നിര്‍ബന്ധമാക്കണം.

ടെസ്റ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പിനോടു നിര്‍ദേശിച്ചു. തിരക്കുള്ള സ്ഥലങ്ങളില്‍ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റിലൂടെ പരമാവധി പേര്‍ക്ക് കുത്തിവയ്പ് നല്‍കും.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

ഇതുവരെ ജില്ലയിലെ അഞ്ച് ലക്ഷം പേര്‍ക്ക് ആദ്യഡോസും രണ്ടുലക്ഷത്തോളം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി അറിയിച്ച് ആഴ്ചയില്‍ രണ്ടുദിവസം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ടാംഡോസ് വാക്‌സിന്‍ മാത്രം കൊടുക്കാന്‍ യോഗം തീരുമാനിച്ചു. രണ്ടാംഡോസ് വാക്‌സിന്‍ ലഭിക്കുന്നതിലുള്ള ആശങ്ക ഒഴിവാക്കുന്നതിനാണിത്.

കോവിഡ് ബാധ കൂടുതലുള്ള കോളനികളിലെ ആളുകളെ ഡോമിസലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റും. രോഗം ബാധിച്ചവര്‍ പുറത്ത് കറങ്ങിനടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്.

വാക്‌സിനേഷന്‍ ക്യാമ്പുകളിലെ ക്രമാതീതമായ തിരക്ക് ഒഴിവാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍ദേശിച്ചു. മാത്രമല്ല പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ ഇവിടങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്താന്‍ പാടില്ല. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് ഊര്‍ജിതമായി വിതരണം ചെയ്യും.

തോട്ടം മേഖലയില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വലിയതോതില്‍ തൊഴിലാളികളെ കൊണ്ടുവരുന്നത് കര്‍ശനമായി നിരീക്ഷിക്കുന്നതിനും തടയുന്നതിനും നടപടിയെടുക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. രാത്രികാലങ്ങളില്‍ ബസുകളിലും മറ്റു വലിയ വാഹനങ്ങളിലുമാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്.

പ്രത്യേകിച്ചും കട്ടപ്പന മേഖലയിലാണ് ഇത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ നടപടികള്‍ ശക്തമാക്കാന്‍ തൊഴില്‍വകുപ്പിന് നിര്‍ദേശം നല്‍കി. അതത് തോട്ടങ്ങളുടെ മാനേജ്‌മെന്റുകളുടെ പേരില്‍തന്നെ തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കും.

എ, ബി കാറ്റഗറിയില്‍ വരുന്ന ഇടങ്ങളില്‍ സിനിമാ, സീരിയല്‍ ഇന്‍ഡോര്‍ ഷൂട്ടിംഗ് മാത്രമേ അനുവദിക്കുകയുള്ളൂ. ഡി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവയ്ക്കണം. നഷ്ടപ്പെടുന്ന തൊഴില്‍ ദിനങ്ങള്‍ പിന്നീട് ക്രമീകരിച്ചുനല്‍കും.

ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ഇപ്പോള്‍ ആശങ്കാജനകമായ നിലയിലല്ല. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി പിന്നിട്ട സാഹചര്യത്തില്‍ പീരുമേട്, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളില്‍ ജാഗ്രത പുലര്‍ത്തിവരുകയാണ്. ജലനിരപ്പിന്റെ കാര്യത്തില്‍ കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്.

ഏതെങ്കിലും കാരണവശാല്‍ ആളുകളെ ഒഴിപ്പിക്കേണ്ടിവരുകയാണെങ്കില്‍ അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ ഒരുക്കും.

Leave a Reply

Your email address will not be published.