പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം തനിക്ക് എം എൽ എയുടെയും, ജനങ്ങളുടെയും ഭാഗത്ത് നിന്നും വലിയതോതിൽ ഉന്നയിച്ച പ്രശ്നങ്ങളിൽ ഒന്നായിരുന്നു ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്റെ ശോചനീയാവസ്ഥ. 10 വര്‍ഷത്തിലധികമായി ഈ റോഡ് പ്രവൃത്തി ജനങ്ങളുടെ ആവശ്യമായിരുന്നു.
കോട്ടയം – ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതകൂടിയാണിത്. അടിയന്തിര പ്രാധാന്യത്തോടെ 19.90 കോടി രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചു.
ദിവസേന നിരവധി വിനോദസഞ്ചാരികള്‍ ആശ്രയിക്കുന്ന ഈ റോഡ് ദീര്‍ഘകാലമായി പ്രവൃത്തി നടക്കാത്തതിനാല്‍ ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്നിരുന്നു. എന്നാൽ ഈ പ്രാധാന്യത്തോടെ റോഡ് പ്രവൃത്തി നടത്തുന്നതിൽ കരാറുകാരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിക്കുന്നുണ്ട്.
2022 ഓഗസ്റ്റ് 24 വരെയാണ് പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി നിശ്ചയിച്ചത്. മെയ് 15 ആകുമ്പോഴേക്കും 10 കിലോ മീറ്റർ വരെ പ്രവൃത്തി പൂർത്തീകരിക്കണം എന്ന തീരുമാനം നടപ്പിലാക്കിയില്ല. മാത്രമല്ല, പ്രവൃത്തിയുടെ നിലവാരം സംബന്ധിച്ച് നിരവധി പരാതികളും ജനങ്ങൾ ഉന്നയിച്ചു.
പ്രവൃത്തിയുടെ പുരോഗതി അനുദിനം വിലയിരുത്തുന്നതിനായി ഒരു ഐഎഎസ് ഉദ്യോഗസ്ഥന് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. ചീഫ് എഞ്ചിനിയറും പ്രവൃത്തി ശ്രദ്ധിക്കും.
പ്രവൃത്തിയിൽ വേണ്ടത്ര പുരോഗതി ഉണ്ടായില്ലെങ്കിൽ,കരാറുകാരനെ ടെർമിനേറ്റ് ചെയ്യുവാനും കരാറുകാരന്റെ നഷ്ടോത്തരവാദത്തിൽ തന്നെ പ്രവൃത്തി പുന:ക്രമീകരിക്കാനും കൂടാതെ പൊതുമരാമത്ത് ചട്ടപ്രകാരം കരാറുകാരനെതിരെ നടപടികൾ സ്വീകരിക്കാനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.